
അലനല്ലൂര്‍: ഡെങ്കിപ്പനി അടക്കമുള്ള മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.
പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡുകളിലെയും 400 കുടുംബങ്ങള്‍ക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കുടുംബശ്രീ, അയല്‍ക്കൂട്ടം, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ അടുത്ത ദിവസങ്ങളില്‍ തന്നെ ഓരോ വീടുകളിലും മരുന്നുകളെത്തും.
മരുന്നുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് റഷീദ് ആലായന്‍ അധ്യക്ഷത വഹിച്ചു. ഹോമിയോ ഡോക്ടര്‍ പ്രവീണ്‍ പ്രതിരോധ മരുന്നുകളെക്കുറിച്ച് വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.രാധാകൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സീനത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.മുസ്തഫ, മഠത്തൊടി റഹ്മത്ത്, എം.മെഹര്ബാന്, പി റഷീദ്, എന്‍.ഉമര്‍ ഖത്താബ്, ദേവകി ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു.