വിടപറഞ്ഞത് സഹൃദയനായ ഭിഷഗ്വരന്‍; പൊതുസമ്മതനായ സാമൂഹിക സേവകന്‍

27

കോഴിക്കോട്: ഹോമിയോ ചികിത്സ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഡോക്ടര്‍ എന്ന നിലയില്‍ മാത്രമല്ല, സാമൂഹിക സേവകന്‍, വ്യവസായി, വിദ്യാഭ്യാസ ചിന്തകന്‍ എന്നീ നിലക്കെല്ലാം കോഴിക്കോട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു ഡോ. വിദ്യാപ്രകാശ്. ഹോമിയോ ചികിത്സയുടെ എല്ലാ സാധ്യതകളും അടുത്തറിഞ്ഞ ചികിത്സകനായിരുന്നു വിദ്യാപ്രകാശ്. അവരുടെ കുടുംബം തന്നെ ഹോമിയോയുടെ പ്രചാരകരായിരുന്നു. അച്ഛന്‍ ഡോ. കെ.എസ് പ്രകാശം കോഴിക്കോട് ഹോമിയോ കോളജിന്റെ സ്ഥാപക പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ മലബാറിലെ തന്നെ അറിയപ്പെടുന്ന ചികിത്സകനും ഗവേഷകനുമായിരുന്നു. പ്രകാശത്തിന്റെ സ്മരണ നിലനില്‍ത്തുന്നതിന് ഹോമിയോ പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് കുടുംബം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെയെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത് വിദ്യാപ്രകാശ് ആയിരുന്നു.
മലബാര്‍ കൃസ്ത്യന്‍ കോളജിന് സമീപമുള്ള വിദ്യാപ്രകാശിന്റെ ക്ലിനിക്കില്‍ എപ്പോഴും തിരക്കായിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും രോഗികള്‍ എത്തുമായിരുന്നു. വലിയ മാവുകള്‍ തണല്‍ വിരിച്ച മുറ്റത്ത് ആളുകള്‍ കാത്തിരിക്കുന്നത് അതുവഴി പോകുന്നവര്‍ കണ്ടിരിക്കാനിയടുണ്ട്. ആധുനിക കാലത്ത് ഹോമിയോ ചികിത്സക്ക് എന്തെല്ലാം പരിമിതകള്‍ ഉണ്ടായാലും അതിനെയെല്ലാം അതിജീവിക്കുന്ന വിജയമന്ത്രമാണ് ഡോ. വിദ്യാപ്രകാശിന്റെ കൈമുതല്‍. പ്രശസ്ത നടനും എഴുത്തുകാരനും നിരൂപകനുമായ നരേന്ദ്രപ്രസാദ് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് കോഴിക്കോട്ട് ചികിത്സക്ക് എത്തിയപ്പോള്‍ അവസാനഘട്ടം ഹോമിയോയും നോക്കിയിരുന്നു. ഡോ. വിദ്യാപ്രകാശ് ആണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.
നരേന്ദ്രപ്രസാദിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ല. എങ്കിലും അവസാനനാളുകളില്‍ അദ്ദേഹത്തിന് ആശ്വാസം പകരാന്‍ സാധിച്ചു എന്നതായിരുന്നു ഡോക്ടര്‍ എന്ന നിലയില്‍ ഡോ. വിദ്യാപ്രകാശിന് ലഭിച്ച സാഫല്യം. ഹോമിയോമരുന്നുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചേളന്നൂരില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങാനും ഡോ. വിദ്യപ്രകാശ് മുന്‍കൈയെടുത്തു. ശ്രീനാരായണ പ്രസ്ഥാനവുമായി വിദ്യാപ്രകാശിനുള്ള ബന്ധവും ശ്രദ്ധേയമായിരുന്നു. എസ്.എന്‍.ഡി.പി കോഴിക്കോട് യൂണിറ്റിന്റെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയ സംഘടനകളിലും സജീവമായിരുന്നു. ഹോമിയോ പ്രാക്ടീഷണര്‍മാരുടെ സംഘടനയുടെ തലപ്പത്തും ഡോ. വിദ്യാപ്രകാശിന്റെ സേവനം ഏറെ വിലമതിക്കപ്പെട്ടു.
സഹൃദയനില്‍ തുടങ്ങി അഭിനേതാവില്‍ എത്തിയതായിരുന്നു ഡോ. വിദ്യാപ്രകാശിന്റെ സാംസ്‌കാരിക ജീവിതം. സിനിമാരംഗത്തുള്ള പലരും അദ്ദേഹത്തിന്റെ ഉറ്റമിത്രങ്ങളായിരുന്നു. അവരുടെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചില ചിത്രങ്ങളില്‍ വേഷമിട്ടു. ഉസ്താദ്, ദി ട്രൂത്ത്, വാനരസേന എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അസുഖമായി പൊതുവേദികളില്‍ നിന്ന് മാറി നില്‍ക്കുന്നതുവരെ കോഴിക്കോട്ടെ സാംസ്‌കാരിക, സാഹിത്യ ചടങ്ങുകളിലെല്ലാം ഡോ. വിദ്യാപ്രകാശിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം കോഴിക്കോട്ടുകാര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.