എറണാകുളം ഹോപ് ഹോംസിന്റെ ഒരു വര്‍ഷത്തെ മുഴുവന്‍ ചെലവുകളും ഫൗണ്ടേഷന് വഹിക്കും
ദുബൈ: ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എഎംടി ഫൗണ്ടേഷനും സന്നദ്ധ സേവന രംഗത്ത് ഒന്നിക്കുന്നു. കേരളത്തിലെ അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സക്കും പുനരധിവാസത്തിനുമായുള്ള സ്ഥാപനമാണ് ഹോപ് ചൈല്‍ഡ്
കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്. ഇവരുടെ എറണാകുളം ഹോപ് ഹോംസിന്റെ ഒരു വര്‍ഷത്തെ എല്ലാ ചെലവുകളും എഎംടി ഫൗണ്ടേഷന് വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ദുബൈയില്‍ അറിയിച്ചു.
തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നും കാന്‍സര്‍ ബാധിരായ കുട്ടികളും അവരുടെ കുടുംബങ്ങളും ചികിത്സ തേടി എത്തുന്നത് എറണാകുളത്തെ വിവിധ ആശുപത്രികളിലാണ്. ഇവര്‍ക്കുള്ള ചികില്‍സാ സമയത്തെ താമസ സൗകര്യവും മറ്റു സഹായങ്ങളുമാണ് ഇരു ഫൗണ്ടേഷനുകളും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യാഥാര്‍ത്ഥ്യമാക്കുന്നത്. 200ലധികം കുട്ടികളും അവരുടെ കുടുംബങ്ങളും ഇതിന്റെ
ഗുണഭോക്താക്കളാകും. കേരളത്തിലെ നിര്‍ധന കുടുംബത്തിലെ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹോപ്പുമായി സഹകരിച്ച് പോകുന്നതില്‍ എഎംടി ഫൗണ്ടേഷന് അതിയായ സന്തോഷമുണ്ടെന്ന് അതിന്റെ സാരഥിയും പ്രവാസി മലയാളിയുമായ വ്യക്തി വെളിപ്പെടുത്തി. എറണാകുളം ജില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ഫൗണ്ടേഷന് ഇതിനകം സാമൂഹിക സേവന രംഗത്ത് ഇന്ത്യക്കകത്തും പുറത്തും ഒട്ടനവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. അര്‍ബുദ ബാധിതരായ കുട്ടികളെ കണ്ടെത്തുകയും അവര്‍ക്ക് ഇന്ന് ലഭ്യമാകുന്ന ഏറ്റവും മികച്ച ചികിത്സയെ കുറിച്ച് ബോധവത്കരിക്കുകയും ചികിത്സാ കാലഘട്ടത്തില്‍ നല്‍കേണ്ട എല്ലാവിധ സഹായങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട് ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്. കോഴിക്കോട് ആസ്ഥാനമായി 2016ല്‍ പ്രവര്‍ത്തനമാരംഭിച്ച ‘ഹോപ്’ ഇന്ന് കേരളത്തിലെ നിരവധി അര്‍ബുദ രോഗ ബാധിതരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സ്ഥാപനമായി നില കൊളളുകയാണ്. കുട്ടികളില്‍ അര്‍ബുദ രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതല്‍ രോഗത്തെ അതിജീവിക്കുന്ന കാലയളവ് വരെ ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് അവര്‍ക്കൊപ്പം സഹായ ഹസ്തമായി നില കൊളളുന്നു. സമാന മനസ്കരുടെ പിന്തുണയും സഹായവും ചേര്‍ത്തു വെച്ചാണ് കുട്ടികളിലെ അര്‍ബുദ രോഗത്തെ ചെറുത്തു തോല്പിക്കാനുളള ദൗത്യവുമായി ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് പ്രവര്‍ത്തിച്ചു വരുന്നത്. എറണാകുളത്തിന് പുറമെ,
കോഴിക്കോട് ജില്ലയില്‍ രണ്ടിടത്തും തലശ്ശേരി മലബാര്‍ കാന്‍സര്‍ ഹോസ്പിറ്റലിനടുത്തും തിരുവനന്തപുരത്ത് ആര്‍സിസിക്ക് സമീപവും ഹോപ് ഹോംസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സഹായ ഹസ്തം നല്കാന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു. കുട്ടികളിലെ കാന്‍സര്‍ രോഗത്തെ അതിജീവിക്കാനുളള ഏറ്റവും മികച്ച സാധ്യതകള്‍ സൃഷ്ടിക്കുകയെന്നതാണ് ഹോപ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് സേവന രംഗത്ത് ലക്ഷ്യം വെക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഖിസൈസിലാണ് ഹോപ്പിന്റെ ദുബൈയിലെ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്.ഹോപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക: +91 7902444430 (വാട്സാപ്പ്)