ദുബൈ: കോഴിക്കോട് നഗരത്തിന് സമീപം പ്രവര്‍ത്തിച്ചു വരുന്ന പ്രമുഖ സിബിഎസ്ഇ കരിക്കുലം സ്കൂളായ ഹൊറൈസണ്‍ കോവിഡ് 19ന്റെ സാമ്പത്തികാഘാതം മൂലം ഗള്‍ഫില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് തിരികെയെത്തി സ്ഥിരതാമസമാക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ (എന്‍ആര്‍ഐ) കുട്ടികള്‍ക്കായി പ്രത്യേക സ്കോളര്‍ഷിപ പ്രോഗ്രാം പ്രഖ്യാപിച്ചു. കോഴിക്കോട് വിമാനത്താവളത്തിന് സമീപം കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലെ രാമനാട്ടുകര വാഴയൂരിലാണ് ഹൊറൈസണ്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഡോ. ആസാദ് മൂപ്പന് ചെയര്‍മാനും സി.പി കുഞ്ഞി മുഹമ്മദ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും പി.കെ അഹമ്മദ്, അമീര്‍ അഹമ്മദ് മണപ്പാട്ട്, സമീര്‍ കുഞ്ഞി മുഹമ്മദ് എന്നിവര്‍ ട്രസ്റ്റികളുമായുളള ബോര്‍ഡ് ഓഫ് ട്രസ്റ്റിയാണ് സ്കൂളിനുളളത്. 2008ല്‍ സ്ഥാപിതമായ ഈ വിദ്യാലയം തുടക്കം മുതല്‍ തന്നെ 100 ശതമാനം വിജയത്തോടെ അക്കാദമിക് മികവ് സൃഷ്ടിക്കുന്നതില്‍ പ്രശസ്തമാണ്. 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം 2012ല്‍ വിദൂര പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യര്‍ത്ഥികള്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റല്‍ ഉള്‍പ്പെടുന്ന 15 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പുതിയ കാമ്പസിലേക്ക് മാറിയിരുന്നു. ഗള്‍ഫ് മേഖലയിലെ സ്കൂളുകളില്‍ ലഭ്യമായ സൗകര്യങ്ങളെല്ലാം ഹൊറൈസണ്‍ സ്കൂളില്‍ ലഭ്യമായാതിനാല് വിദ്യാര്‍ത്ഥികള്‍ക്ക് അവിടത്തെ പുതിയ പരിത:സ്ഥിതിയിലേക്ക് അനായാസം ഇഴുകിച്ചേരാന്‍ സാധിക്കും.
സ്മാര്‍ട് ക്ളാസുകള്‍, ലൈബ്രറി, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, ഔട് ഡോര്‍ വിനോദ മേഖലകള്‍, പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും നല്കുന്ന ഡൈനിംഗ് ഹാള്‍, നീന്തല്‍ക്കുളം, ഒരു നിരീക്ഷണാലയം, യോഗ്യതയുള്ള ഒരു നഴ്സിന്റെ സേവനം ലഭ്യമായ ക്ളിനിക് എന്നിവ ഉള്‍പ്പെടുന്നതാണ് കാമ്പസ്. ആവശ്യമുള്ളവര്‍ക്ക് ഗതാഗത സൗകര്യങ്ങളും ലഭ്യമാണ്. കോവിഡ് 19 സൃഷ്ടിച്ച പുതിയ സാഹചര്യങ്ങളില്‍, വിദേശത്ത് നിന്ന് തിരികെയെത്തി, ഇവിടെ സ്ഥിര താമസമാക്കുന്ന പ്രവാസികളുടെ കുട്ടികളില്‍ അര്‍ഹരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാനും ഈ വര്‍ഷം ജൂണ്‍ മുതല്‍ ആരംഭിക്കുന്ന 2020-’21 അധ്യയന വര്‍ഷത്തേക്ക് ഇവര്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കാനും ട്രസ്റ്റികള്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രവേശന ഫീസ്, ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ ചാര്‍ജുകള്‍, മറ്റ് സ്ഥാപന ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടെ മൊത്തം വിദ്യാഭ്യാസ ചെലവിന്റെ 50 ശതമാനം വരെ സ്കോളര്‍ഷിപ് ധനസഹായമായി നല്‍കും. ഇത്തരം നിരവധി സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ട്രസ്റ്റിന്റെ ആഗോള വിദ്യാഭ്യാസ, സാമൂഹിക ഉത്തരവാദിത്തം മുന്‍നിര്‍ത്തിയുളള നടപടികളുടെ ഭാഗമായാണ് ഈ ഉദ്യമവും. പ്രത്യേക സ്കോളര്ഷിപ്പിനൊപ്പം പ്രവേശനം നേടാന്‍ ഏറ്റവും യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നതിനായി സ്കൂള്‍ മാനേജ്മെന്റ് അപേക്ഷകള്‍ പരിശോധിച്ച് തീരുമാനം കൈക്കൊളളുന്നതായിരിക്കും.
താല്പര്യമുള്ള മാതാപിതാക്കള്‍ സ്കൂള്‍ വെബ്സൈറ്റായ www.thehorizonschool.comല്‍ 2020 മെയ് 25ന് മുന്‍പായി എത്രയും വേഗം ഓണ്‍ലൈനായി അപേക്ഷിക്കുക. സ്കൂള്‍ സ്കോളര്‍ഷിപ് പദ്ധതിയുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിക്കുകയും, ആദ്യം അപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് പ്രഥമ പരിഗണനയെന്ന നിലയിലായിരിക്കും സ്കോളര്‍ഷിപ് അനുവദിക്കുക. മാതാപിതാക്കള്‍ക്ക് ദുബൈയിലെ ലോക്കല്‍ കോഓര്‍ഡിനേറ്ററുമായും ബന്ധപ്പെടാം. coordinator@horizonschool.in എന്ന ഇമെയില്‍ വിലാസത്തിലും, +971508811396 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.