ഷാര്‍ജ: കോവിഡ് 19 പ്രതിസന്ധി മൂലം പ്രയാസത്തിലായ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ ഇന്‍കാസ് ഷാര്‍ജ 100 വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം അറിയിച്ചു. സന്ദര്‍ശക വിസയിലെത്തി ജോലി ലഭിക്കാതെ നാട്ടിലെത്താന്‍ ബുദ്ധിമുട്ടുന്നവര്‍, അടിയന്തിരമായി നാട്ടിലെത്തേണ്ട അസുഖ ബാധിതര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരായിരിക്കും ടിക്കറ്റുകള്‍ക്ക് അര്‍ഹതയുള്ളവര്‍. ഇന്‍കാസ് ഷാര്‍ജയുടെ വിവിധ ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ടിക്കറ്റുകള്‍ നല്‍കുക. പണമില്ലാത്തത് കാരണം നാട്ടില്‍ പോകാന്‍ വിഷമിക്കുന്നവരുടെ പട്ടിക ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയാണ് സമാഹരിക്കുകയെന്നുംബന്ധപ്പെട്ടവര് അറിയിച്ചു.
ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീമിന് ഷാനവാസ് മാട്ടൂല്‍ വിമാന ടിക്കറ്റ് കൈമാറുന്നു. ഇന്‍കാസ് യുഎഇ ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സമീപം
10 ടിക്കറ്റുകള്‍ വൈ.എ റഹീം നല്‍കും
വിമാന ടിക്കറ്റെടുക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് താന്‍ 10 വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം അറിയിച്ചു. ഭാര്യയുടെയും മക്കളുടെയും കൂടി പങ്കാളിത്തത്തിലാണ് 10 ടിക്കറ്റുകള്‍ നല്‍കുക. ഇതിന് പുറമെ, ഇന്‍കാസ് ഷാര്‍ജ പ്രവര്ത്തകന് ഷാനവാസ് മാട്ടൂല്‍ ഒരു ടിക്കറ്റും ഇന്‍കാസ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി പ്രസാദ് കാളിദാസന് അഞ്ച് ടിക്കറ്റുകളും നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.