ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തി; വ്യാപക പ്രതിഷേധം

352

കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് പോകുന്നവര്‍ക്കായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിയതതിനെതിരെ വ്യാപക പ്രതിഷേധം. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ലിങ്ക് മരവിപ്പിച്ചതായി ഇന്ത്യന്‍ എംബസി ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചത്. നിലവില്‍ 68,000ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ നടപടി സ്വീകരിച്ച ശേഷം രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ നല്‍കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍, അടിയന്തിര ചികില്‍സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍
cw.kuwait@mea.gov.in എന്ന ഇമെയിലില്‍ മാത്രം ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.
യാത്രക്ക് തെരഞ്ഞെടുക്കുന്നതും മുന്‍ഗണന നല്‍കുന്നതിനുമുള്ള അധികാരം എംബസിക്ക് മാത്രമാണ്. യാത്രയുമായി ബന്ധപ്പെട്ട് പുറത്തു നിന്നും ലഭിക്കുന്ന ഉറപ്പുകള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ എംബസിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വിമാന ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യയുമായാണ് ബന്ധപ്പെടേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 66501391, 97610246, 97229945. Email cw1.kuwait@mea.gov.in.
കുവൈത്ത് കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉടന്‍ പുനരാരംഭിക്കണമെന്നും കുവൈത്ത് കെഎംസിസി ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടു.