കോവിഡ്: ഇന്ത്യന്‍ മെഡിക്കല്‍ സംഘം യുഎഇയിലേക്ക്

ദുബൈ: കോവിഡ് ചികിത്സക്ക് കൂടുതല്‍ സംവിധാനം ഒരുക്കുന്നതിന് ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ സംഘം യുഎഇയിലെത്തും. ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന 88 അംഗ മെഡിക്കല്‍ സംഘമാണ് യുഎഇയെ സഹായിക്കുന്നതിനായി എത്തുന്നതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി യുഎഇ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ സൗകര്യമൊരുക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ മെഡിക്കല്‍ സംഘം ഇവിടെയെത്തും. നേരത്തെ കുവൈത്തിന്റെ ആവശ്യപ്രകാരം 15 അംഗ റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ ടീമിനെ അയച്ചിരുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോകിന്‍ ഗുളികകള്‍ ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയച്ചിരുന്നു. യുഎഇയില്‍ മാത്രം 3.4 മില്യന്‍ ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.