അബുദാബി: പ്രവാസി യാത്രാ മുന്‍ഗണനാ ലിസ്റ്റ് അട്ടിമറിക്കപ്പെടുന്നുവെന്ന വാര്‍ത്ത അത്യധികം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് യുഎഇ വനിതാ കെഎംസിസി ചെയര്‍പേഴ്സണ്‍ വഹീദ ഹാരിസ് പ്രസ്താവിച്ചു. നൂറുകണക്കിന് ഗര്‍ഭിണികളാണ് യാത്രാനുമതി കാത്തു കഴിയുന്നത്. ഇതിനിടയില്‍ സ്വന്തക്കാരെയും അനര്‍ഹരെയും കയറ്റി വിടുന്നത് നീതീകരിക്കാനാകുന്നതല്ല.
ദിവസം കഴിയുന്തോറും വളരെ വിഷമകരമായ സ്ഥിതിയിലേക്കാണ് ഗര്‍ഭിണികളും വാര്‍ധക്യ സഹജമായ അസുഖമുള്ളവരും മറ്റു രോഗികളും എത്തിച്ചേരുക. എത്രയും പെട്ടെന്ന് വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഈഗോ വെടിഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് ഓഫര്‍ ചെയ്ത സൗജന്യ ഫ്ളൈറ്റ് സര്‍വീസിന് അനുമതി നല്‍കണം. സ്വന്തം രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ആശങ്കയും കണക്കിലെടുക്കണം. ലോകത്ത് ഒരു രാജ്യവും സ്വന്തം പൗരന്മാരോട് ഇത്തരത്തില്‍ വിവേചനം കാണിക്കില്ലെന്ന് വനിതാ കെഎംസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വനിതകളുടെ സ്ഥിതി അത്യന്തം ദയനീയമാണ്. ജോലി നഷ്ടപ്പെട്ട നിരവധി വനിതകള്‍ ശമ്പളമില്ലാതെയും താമസ വാടക കൊടുക്കാന്‍ കഴിയാതെയും ബുദ്ധിമുട്ടുകയാണ്. മറ്റൊരു താമസ സ്ഥലം തെരഞ്ഞു പിടിക്കാന്‍ ഈ കോവിഡ് കാലത്ത് സാധ്യമല്ല. പുതിയ ആളുകളെ താമസിപ്പിക്കാന്‍ കെട്ടിട ഉടമകളും തയാറല്ല. ഗര്‍ഭിണികള്‍ക്ക് നിശ്ചിത അവധി കഴിഞ്ഞാല്‍ ‘ഫിറ്റ് റ്റു ഫ്ളൈ’ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതാകും. പ്രസവ ശുശ്രൂഷക്ക് ആളെ കിട്ടാത്ത, നവജാത ശിശുക്കളെ കോവിഡിലേക്ക് തള്ളി വിടുന്ന ഭയാനക സ്ഥിതിയാണ് നിലവിലുള്ളത്. ഈ സന്ദര്‍ഭത്തിലാണ് യാത്രക്കുള്ള മുന്‍ഗണനാ ലിസ്റ്റ് അട്ടിമറിക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണുകളായി അറിയപ്പെടുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രത പ്രശംസനീയമാണെന്നും വഹീദ ഹാരിസ് പ്രസ്താവിച്ചു.