ദുബൈ: കോവിഡ് 19 ദുരിതം പേറുന്ന പ്രവാസി സമൂഹത്തിന് സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങളുമായി സജീവമാവുകയാണ് മലയാളി ബിസിനസ് സംരംഭകരുടെ ദുബൈയിലെ ഏക കൂട്ടായ്മയായ ഐപിഎ (ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്സ് അസോസിയേഷന്).
വിസിറ്റിംഗ് വിസയില്‍ എത്തിയവരും തൊഴില്‍ നഷ്ടപ്പെട്ട് പുതിയ തൊഴില്‍ അന്വേഷിക്കുന്നവരുമാണ് കോവിഡ് 19 ദുരിതം പേറുന്നവരിലധികവും. മെഡിക്കല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും ചികിത്സ തന്നെ നിഷേധിക്കപ്പെടുകയാണ്.
ഗര്‍ഭിണികള്‍ അടക്കമുള്ള ഇത്തരം ആളുകള്‍ക്ക് സൗജന്യ മരുന്ന് നല്‍കാനുള്ള സൗകര്യമാണ് ഐപിഎ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. സംഘടനയുടെ സിഎസ്ആര്‍ വിഭാഗത്തിന്റെ ചുമതലക്കാരനും എഎകെ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ എ.എ.കെ മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസം പകരുന്ന ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഷാര്‍ജയിലും ദുബൈയിലുമുള്ള ഐപിഎ അംഗങ്ങളുടെ ഫാര്‍മസികളുമായി സഹകരിച്ചാണ് ഈ സൗകര്യങ്ങള്‍ നടപ്പാക്കുന്നത്. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് ആ മരുന്നുകള്‍ക്ക് പകരമുള്ളവ എഴുതിക്കാന്‍ ഡോക്ടറെ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും എ.എ.കെ മുസ്തഫ പറഞ്ഞു.

കോവിഡ് 19 മഹാമാരിയായി പ്രവാസ ലോകത്ത് നാശം വിതച്ചപ്പോള്‍ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലുമായി ദുരിത ബാധിതര്‍ക്കിടയില്‍ ഓടിയെത്തിയ പ്രവാസ സംഘടനകളില്‍ ഐപിഎയും മുന്നിലുണ്ടായിരുന്നു. ദുബൈ ദേര നായിഫില്‍ കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഒറ്റ രാത്രി കൊണ്ട് രണ്ടു ലക്ഷം ദിര്‍ഹമിന്റെ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് ഐപിഎ സന്നദ്ധ സേവകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഐസൊലേഷന്‍ റൂമുകള്‍ ഒരുക്കാനും അവിടേക്കാവശ്യമായ ബെഡ്, വിരിപ്പ് എന്നിവ വാങ്ങാനും ഭക്ഷണ കിറ്റുകള്‍ ഒരുക്കാനും ഈ ഫണ്ട് വിനിയോഗിച്ചു. സ്വജീവന്‍ പോലും അപകടത്തിലാണെന്നറിഞ്ഞിട്ടും അവയൊന്നും തടസ്സമാക്കാതെ സജീവമായ ദുബൈയിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയുമായി ഐപിഎ എന്നും മുന്നിലുണ്ടായിരുന്നു.
സാമ്പത്തിക ദുരിതത്തില്‍ പെട്ട് അനിശ്ചിതത്വത്തിലായ 100 പേര്‍ക്ക് സൗജന്യ വിമാന യാത്രാ ടിക്കറ്റ് നല്‍കുമെന്ന് ഈയിടെ ഐപിഎ പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിന്റെ നാനാ കോണുകളില്‍ നിന്നും ഇതിന് അഭൂതപൂര്‍വ പ്രതികരണമാണ് ലഭിച്ചത്.
കഴിഞ്ഞ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയും മാതൃകയായ സംഘടന യുഎഇയിലെ മലയാളി സംരംഭകരുടെ ഏക ഔദ്യോഗിക കൂട്ടായ്മയാണ്.
മരുന്ന് ആവശ്യമുള്ളവര്‍ താഴെ കൊടുത്ത നമ്പറില്‍ വിവരങ്ങള്‍ വാട്സാപ്പ് ചെയ്യണമെന്ന് എ.എ.കെ മുസ്തഫ അറിയിച്ചു. 00971 55 7777826.