നാട്ടിലേക്ക് പോകാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള 100 പേര്‍ക്ക് ഐപിഎ വിമാന ടിക്കറ്റുകള്‍ നല്‍കും

    ദുബൈ: കോവിഡ് 19 പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങുന്നവരില്‍ വിമാന ടിക്കറ്റെടുക്കാന്‍ സാമ്പത്തിക പ്രയാസം നേരിടുന്ന 100 ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുമെന്ന് ദുബൈ കേന്ദ്രമായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐപിഎ) പ്രഖ്യാപിച്ചു. യുഎഇയില്‍ നിന്ന് അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ വിമാന യാത്രാ ചെലവ് വഹിക്കാന്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തിയാണ് ടിക്കറ്റുകള്‍ വിതരണം ചെയ്യുകയെന്ന് ചെയര്‍മാന്‍ ഷംസുദ്ദീന്‍ നെല്ലറയും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന എഎകെ മുസ്തഫയും അറിയിച്ചു. യുഎഇ യിലെ ചെറുകിട മലയാളി ബിസിനസ് സംരംഭകരുടെ വേദിയാണ് ഐപിഎ.
    പ്രവാസികളില്‍ ചെറിയ വരുമാനമുള്ളവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഹ്രസ്വ കാല വിസയിലെത്തി നാട്ടിലേക്ക് പോകാന്‍ സാമ്പത്തികമായി നിവൃത്തിയില്ലാത്തവര്‍, അടിയന്തരമായി നാട്ടില്‍ ചികിത്സക്ക് പോകാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ തുടങ്ങിവരില്‍ നിന്നും അര്‍ഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റ് നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) നിര്‍വഹണ ഭാഗമായാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഐപിഎ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഐപിഎ ഡയറക്ടര്‍ ബോര്‍ഡ്, ക്‌ളസ്റ്റര്‍ ഹെഡ്, ഐപിഎ യുടെ ഉപഭോക്താക്കള്‍ എന്നിവരുടെ പരിപൂര്‍ണ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പ്രവാസലോകത്ത് ആശങ്കകള്‍ക്കൊടുവില്‍ ആശ്വാസമായാണ് സ്വന്തം നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകുന്നതെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയത്. എന്നാല്‍, യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചവരില്‍ ടിക്കറ്റെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരുണ്ട്. അത്തരക്കാരില്‍ ഏറെ പ്രയാസപ്പെടുന്നവര്‍ക്ക് ഇതേറെ ഉപകാരപ്പെടുന്നതാണ്.
    അതിനിടെ, ലോക്ക്ഡൗണ്‍ കാലത്ത് നായിഫ് അടക്കമുള്ള സ്ഥലങ്ങളിലും മറ്റും ഭക്ഷണത്തിനായി വിഷമിച്ചിരുന്ന നിരവധി പേര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഐപിഎ സജീവമായി ഇടപെട്ടിരുന്നു. മാത്രമല്ല, നിരവധി സന്നദ്ധ സംഘടനങ്ങളുമായി ചേര്‍ന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ആവശ്യമായ സഹായ-സഹകരണങ്ങള്‍ നല്‍കാന്‍ ഇക്കാലയളവില്‍ കഴിഞ്ഞുവെന്നും എഎകെ മുസ്തഫ വ്യക്തമാക്കി. അതോടൊപ്പം തന്നെ, വരും ദിനങ്ങളില്‍ സാധാരണ രോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്ന രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റും വിതരണം ചെയ്യാന്‍ ഐപിഎക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് കേരളത്തിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.