ഇരിട്ടി:കണിച്ചാറിലെ ആറ്റാംചേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക കൃഷി നാശം. 1500ഓളം നേന്ത്രവാഴകളാണ് കാറ്റില്‍ നശിച്ചത്.
കീച്ചേരി ഷിജി, കൊയിലോത്ത് ഭാസ്കരന്, വെമ്പള്ളിക്കുന്നേല്‍ ജോര്‍ജ്ജ്, കുഴിപ്പള്ളി ഫ്രാന്‍സിസ്, കുഴിപ്പള്ളി ജോര്‍ജ് തുടങ്ങിയ കര്‍ഷകരുടെ വാഴകളാണ് നശിച്ചത്. നശിച്ച വാഴയില്‍ ഭൂരിഭാഗവും വിളവെടുക്കാന്‍ പാകമായവയാണ്. വന്‍തുക കടമെടുത്താണ് വാഴകൃഷി നടത്തിയതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റില്‍ ജില്ലയില്‍ പലയിടത്തും വ്യാപക കൃഷിനാശമാണുണ്ടായത്. കണ്ണാടിപ്പറമ്പ് മേഖലയില്‍ വൈദ്യുതി തൂണുകള്തകര്ന്നത് കാരണം വൈദ്യുതി നിലച്ചിരുന്നു.
പന്നിയൂരില്‍ ഇടിമിന്നലില്‍ വന്‍ നാശനഷ്ടം
തളിപ്പറമ്പ്: ഇടിമിന്നലില്‍ പന്നിയൂരിലും നാശനഷ്ടം. എസ്വൈഎസ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യത്തിന്റെ വീടിന്റെ ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുത മീറ്റര്‍ ബോക്സും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. അരലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. പന്നിയൂരിലെ വി വി ഖാദറിന്റെ വാഴ കൃഷിയും കത്തിനശിച്ചു. 40 ഓളം വാഴകളാണ് നശിച്ചത്.