വലിപ്പത്തില്‍ കുള്ളന്‍ ചക്ക; എടുത്താലോ പൊങ്ങില്ല

35
പട്ടാമ്പി കൊപ്പം പ്രഭാപുരത്തെ പുളിയപെറ്റ ഹംസയുടെ വീട്ടു വളപ്പിലെ വരിക്ക ചക്ക

കൊപ്പം: താഴെ നിന്നും നോക്കിയപ്പോള്‍ സാധാരണ ചക്കയെക്കാള്‍ കുറച്ച് വലിപ്പമുണ്ടന്നതൊഴിച്ചാല്‍ മറ്റ് പ്രിത്യേകതകള്‍ ഒന്നും തോന്നിയില്ല. എന്നാല്‍ വെട്ടിയിട്ടപ്പോള്‍ രണ്ടാള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത കനം. പട്ടാമ്പി കൊപ്പം പ്രഭാപുരത്തെ പുളിയപെറ്റ ഹംസയുടെ വീട്ടു വളപ്പിലെ വരിക്കചക്ക ഇപ്പോള്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമാണ്. ഇത്തവണ ഹംസയുടെ വീട്ടവളപ്പിലെ പ്ലാവ് നിറയെ കായ്ച്ചു. ഇടിച്ചക്കകളും ലഭിച്ചു. കുറച്ചെണ്ണം പഴുക്കാന്‍ നിര്‍ത്തി. ഇതില്‍ ചില ചക്കകളാണ് സാധാരണ ഉണ്ടാവുന്ന ചക്കളെക്കാള്‍ വിത്യസ്തമായത്.
ഉണ്ടായ ചക്കകളില്‍ 5 എണ്ണത്തിന് അസാമാന്യ വലിപ്പവും കനവും. സാധാരണ ചക്കയുടെ ഇരട്ടി വലിപ്പവും 70 കിലോയോളം ഭാരമുള്ളതുമായ ചക്കകളാണ് ഉണ്ടായത്. 10 വര്‍ഷം മുന്‍പ് ഹംസയുടെ മകള്‍ ഷഹല ഷെറിനാണ് പ്ലാവ് നട്ടത്. എവിടെ നിന്നോ കിട്ടിയ തൈ ഒരു കുസൃതിക്ക് നട്ടതാണ്. നട്ടു നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ കായ്ക്കാന്‍ തുടങ്ങി. 6വര്‍ഷമായി ഇപ്പോള്‍ തുടര്‍ച്ചയായി പ്ലാവില്‍ ചക്കയുണ്ടാവുന്നുണ്ട്. ഇപ്പോള്‍ ആദ്യമായാണ് കൗതുകമുണര്‍ത്തുന്ന ഭീമന്‍ ചക്ക ഉണ്ടായത്. ഭീമന്‍ ചക്കയുടെ ചുളകള്‍ക്കും വലുപ്പം കൂടുതലുണ്ട്. മാധുര്യമേറുന്ന ഭീമന്‍ ചക്കയുണ്ടായതറിഞ്ഞ് നിരവധി ആളുകള്‍ ഹംസ-സഫിയ ദമ്പതികളുടെ വീട്ടില്‍ എത്തിയിരുന്നു.