ജലാശയങ്ങള്‍ വറ്റി; മഴ കാത്ത് ജില്ല

13
കുറ്റിപ്പുറം പാലത്തിനു സമീപത്തു നിന്നും നിള നദിയുടെ ആകാശക്കാഴ്ചയാണിത്. വേനല്‍ കടുത്തതോടെ നിളയുടെ ഒരുഭാഗത്തു മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. ബാക്കിഭാഗത്ത് വലിയ മണല്‍തിട്ടകളാണുള്ളത്‌

മലപ്പുറം: കത്തുന്ന വേനലില്‍ ജലാശയങ്ങള്‍ കൂട്ടത്തോടെ വറ്റിവരണ്ട് തുടങ്ങിയതോടെ ജില്ലയുടെ പലഭാഗങ്ങളിലും കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. താഴ്ചയേറിയ കിണറുകളില്‍ പോലും ഒരുതുള്ളിവെള്ളമില്ലാത്ത അവസ്ഥയാണ്. പൊതുടാപ്പുകള്‍ക്ക് മുന്നില്‍ കുടങ്ങളുമായുള്ള കാത്തുനില്‍പ്പ് മീറ്ററുകളോളം നീളുന്ന കാഴ്ച വേദനാജനകമാണ്. ജില്ലയുടെ പലഭാഗങ്ങളിലും ഭൂഗര്‍ഭ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴ്ന്നിട്ടുണ്ടെന്നാണ് ഭൂഗര്‍ഭ ജലവകുപ്പിന്റെ കണ്ടെത്തല്‍.
പ്രധാന നദികളായ ചാലിയാര്‍, കടലുണ്ടി, ഭാരത പുഴകളുടെ അവസ്ഥ ശോചനീയമാണ്. ജില്ലയുടെ തീരദേശ മേഖലയിലാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മറ്റും വാഹനങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിനായി കുടവും പിടിച്ച് രാവും പകലും കാത്ത് നില്‍ക്കുന്ന അവസ്ഥയാണ് പല പ്രദേശങ്ങളിലുമുള്ളത്. ഭൂരിഭാഗം തോടുകളും വറ്റി. ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതികള്‍ക്ക് പോലും ഭീഷണി ഉയര്‍ത്തി നദികളിലെയും കായലുകളിലെയും ജലനിരപ്പും താഴുന്ന കാഴ്ചയാണുള്ളത്. വരുംനാളുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുമെന്ന സൂചന നല്‍കി ഭൂഗര്‍ഭ ജല വകുപ്പും രംഗത്തെത്തി.
നിരീക്ഷണ കിണറുകളിലെ ജിലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരീക്ഷണ കിണറുകളുടെ ഏകദേശം സമാനമായ അവസ്ഥയില്‍ തന്നെയാകും തൊട്ടടുത്തുള്ള മറ്റ് കിണറുകളുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വേനല്‍ കനക്കുന്നത് ജലനിരപ്പ് കൂടുതല്‍ ഇടിയുമെന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം വേനല്‍ മഴ പേരിനു ലഭിച്ചുവെന്നല്ലാതെ ജലനിരപ്പ് കൂടിയിട്ടില്ല. പല മേഖലയിലും ഈ മഴ ലഭിച്ചിട്ടുമില്ല എന്നതാണ് വസ്തുത. തുടര്‍ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തില്ലെങ്കില്‍ ജില്ല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.