ജാര്‍ഖണ്ഡിലേക്ക് 1464 പേര്‍ കൂടി മടങ്ങി

12
പ്രത്യേക തീവണ്ടിയില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളികള്‍ മടങ്ങുന്നു

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ജാര്‍ഖണ്ഡില്‍ നിന്നുള്ള 1464 അതിഥി തൊഴിലാളികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നലെ രാത്രി 8.08ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് മടങ്ങിയത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 49 കെഎസ്ആര്‍ടിസി ബസുകളിലാണ് സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ എത്തിച്ചത്. ട്രെയിനിലും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ഇരിപ്പിടങ്ങള്‍ നല്‍കിയത്. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.
ബസ്സുകളില്‍ കയറുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു.