തച്ചനാട്ടുകര: സമ്പൂര്‍ണ്ണ അടച്ചുപൂട്ടലില്‍ ക്ലാസ്സ് മുറിയും വിദ്യാലയവും അടഞ്ഞുകിടന്നാലും കണ്ടുപിടുത്തങ്ങള്‍ക്ക് ലോക്കിടാതെ ശ്രദ്ധേയനാവുകയാണ് പോളിടെക്നിക് വിദ്യാര്‍ത്ഥിയായ പത്തൊമ്പതുകാരന്. ഓട്ടോമാറ്റിക് റേഷന്‍ യന്ത്ര മാതൃക നിര്‍മ്മിച്ചു കൊണ്ടാണ് തച്ചനാട്ടുകര നാട്ടുകല്‍ തള്ളച്ചിറ മുഹമ്മദ് ജാസിര്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. തച്ചനാട്ടുകര നാട്ടുകല്‍ തള്ളച്ചിറ പട്ടംതൊടി ഹംസയുടെ മകന് കളമശ്ശേരി പോളിടെക്നിക് വിദ്യാര്‍ത്ഥി മുഹമ്മദ് ജാസിര്‍ ആണ് റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാനും സമയം ലാഭിക്കാനും സാമൂഹിക ശുചിത്വം ഉറപ്പുവരുത്തുന്നതിനും ഉതകുന്ന ഉപകരണം കണ്ടെത്തിയത്.
ഐസി, മൈക്രോ കണ്ട്രോളര്, ലോഡ് സെല്‍, എല്‍.സി.ഡി ഡിസ്പ്ലേ, കീപാഡ്, കണ്ടെയ്നര്‍ എന്നിവയാണ് സംവിധാനത്തിന്റെ ഭാഗങ്ങള്‍. റേഷന്‍ കടകളില്‍ നിലവില്‍ ഉപയോഗിക്കുന്ന മെഷീന് ഈ ഉപകരണവുമായി ബന്ധിപ്പിച്ച് ഓരോ ഉപഭോക്താവിനും അനുവദിച്ച അളവ് ഉല്പന്നങ്ങള് രേഖപ്പെടുത്തിയാല്‍ മെഷീനില്‍ നിന്നും അതേ അളവില്‍ സാധനങ്ങള്‍ ഉപഭോക്താവിന് ശേഖരിക്കാം. തൂക്കത്തിന് പകരം സാധനങ്ങളുടെ വില രേഖപ്പെടുത്തിയാല്‍ വിലക്കനുസരിച്ച തൂക്കം സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയും. നിലവില്‍ അരിയുടെ തൂക്കവും വിലയും ഉപയോഗിച്ചാണ് ഉപകരണം സെറ്റ് ചെയ്തിട്ടുള്ളതെങ്കിലും മറ്റു ഉല്പന്നങ്ങളും ഇതേ മാതൃകയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് ജാസിര്‍ പറയുന്നു.റേഷന്‍ കടയുടമയായ ജാസിറിന്റെ പിതാവിനോടൊപ്പം ലോക്ക് ഡൗണ്‍ കാലത്ത് ബാപ്പയെ സഹായിക്കാന്‍ നില്‍ക്കുമ്പോഴാണ് ഇത്തരം ഒരുപകരണമെന്ന ആശയം മനസ്സിലിലുദിച്ചതെന്ന് ജാസിര്‍ പറഞ്ഞു. ആയിരം രൂപയില്‍ താഴേയാണ് ഉപകരണത്തിന്റെ മാതൃക നിര്‍മ്മിക്കാന്‍ ചെലവു വന്നിട്ടുള്ളത്. വെള്ളം പമ്പു ചെയ്യുന്ന മോട്ടറിനെ വോള്‍ട്ടേജ് വ്യത്യാസത്തില്‍ നിന്നും സംരക്ഷിക്കുന്ന മോട്ടര്‍ ഗാര്‍ഡ്, ടാങ്കിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്ന സംവിധാനം എന്നിവയും ജാസിര്‍ ഇതിനോടകം രൂപകല്പന ചെയ്തിട്ടുണ്ട്.