ദുബൈ: ദുബൈയിലെ സാമൂഹിക-കലാ-സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്‍കാസ് ദുബൈ, ചിരന്തന എന്നിവയുടെ സെക്രട്ടറിയുമായ ജിജോ ജേക്കബ് കോണിക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചു.
ദുബൈയില്‍ കോവിഡ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയം മുതല്‍ ദുബൈ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശ പ്രകാരം രോഗീസേവനമനുഷ്ഠിച്ചു വരികയായിരുന്നു ആംബുലന്‍സ് ഡ്രൈവറായ ജിജോ. സ്വന്തം ജീവനെക്കാള്‍ വലുതാണ് സഹജീവികളുടെ ജീവനെന്ന് വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ മേഖലയിലുള്ളവര്‍. അതിലെ ശക്തമായ കണ്ണിയാണ് ജിജോ. ‘വിശക്കുന്നവന് ഭക്ഷണം’ എന്ന ഇന്‍കാസ് പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജബല്‍ അലി, അല്‍ഖൂസ്, സോനാപൂര്‍ എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണവും കിറ്റുകളുമായി പോകുന്ന ഇന്‍കാസ് നേതാക്കളായ പുന്നക്കന്‍ മുഹമ്മദലി, നദീര്‍ കാപ്പാട്, സി.പി ജലീല്‍, മുനീര്‍ കുമ്പള, കെ.വി ഫൈസല്‍, ഷിജി അന്ന ജോസഫ്, നാദര്‍ഷാ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുന്‍പ് കോവിഡ് 19 ബാധിച്ച 3 പേരെ അവരുടെ താമസ സ്ഥലങ്ങളില്‍ നിന്നെടുത്ത് ആംബുലന്‍സില്‍ കൊണ്ടുപോയി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് അര്‍ധരാത്രി വീട്ടിലെത്തിയപ്പോള്‍ തന്നെ വല്ലാത്ത അസ്വസ്ഥതയുണ്ടായിരുന്നുവെങ്കിലും അത് സാധാരണ ഉണ്ടാകുന്നതാണെന്ന് കരുതി. എന്നാല്‍, പിറ്റേന്ന് ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാവുകയും കോവിഡ് പരിശോധനക്ക് വിധയമാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കോവിഡ് 19 സ്ഥിരികരിച്ചു. നിഷ്കളങ്കനായ സാമൂഹിക പ്രവര്‍ത്തകനായ ജിജോ പൂര്‍ണ ആരോഗ്യത്തോടെ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് പൊതുപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും.