തിരൂര്‍: ജോലി നഷ്ടപ്പെട്ടും വിവിധ അസുഖ ബാധിതരായും നാടണയുന്ന വിദേശത്ത് നിന്നുള്ള പ്രവാസികള്‍, നാട്ടിലെ ക്വാറന്റീന് ചെലവുകള്‍ സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം വളരെ ക്രൂരമായെന്നും മുഖ്യമന്ത്രി തീരുമാനം പിന്‍വലിക്കണമെന്നും വനിതാ ലീഗ് ദേശീയ ട്രഷറര്‍ പി. ഖദീജ ആവശ്യപ്പെട്ടു. തരിശായി കിടന്നിരുന്ന ഒരു സംസ്ഥാനത്തെ ഫലഭൂയിഷ്ഠമാക്കിയവരാണ് പ്രവാസികള്‍. പ്രതിസന്ധി കാലത്ത് വിദേശത്ത് നിന്നും അവരെ സൗജന്യമായി കൊണ്ടുവരുന്നതിന് പകരം യുദ്ധക്കപ്പലുകളില്‍ പോലും പണം ഈടാക്കി പ്രവാസികളെ ദ്രോഹിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി പ്രവര്‍ത്തിക്കുകയാണ്.
ജോലി നഷ്ടപ്പെട്ടു വരുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് അവരെ പുനരധിവസിപ്പിക്കണം. തലോടിയില്ലെങ്കിലും ചെകിടത്തടിക്കുന്ന പരിപാടിയെങ്കിലും നിര്‍ത്തണമെന്നും ഖദീജ പറഞ്ഞു.
പ്രവാസികളെ രണ്ടാംകിട പൗരന്മാരായാണ് ഇരു സര്‍ക്കാറുകളും കണക്കാക്കുന്നത്. ഇത് പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്. മരണത്തിന്റെ വ്യാപാരികളാണ് പ്രവാസികളെന്നും അവര്‍ രോഗം വഹിച്ചു വരുന്നവരാണെന്നുമുള്ള സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പ്രസ്താവന തന്നെ ഇതിന് തെളിവാണ്.
നൂറുകണക്കിന് മലയാളികളാണ് വിദേശത്ത് മരണമടഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിലേറെയും ചെറുപ്പക്കാരാണ്. എത്രയും വേഗം ആവശ്യമായ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തി തിരിച്ചു പോരാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവസരമൊരുക്കണം. ക്വാറന്റീന് ചെലവെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പി. ഖദീജ അഭ്യര്‍ത്ഥിച്ചു.