‘കൈ കോര്‍ത്ത് കൈരളി’ പദ്ധതി: ആദ്യ ഘട്ടത്തില്‍ 1,000 സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും

76

ദുബൈ: നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടിവിയുടെ ‘കൈ കോര്‍ത്ത് കൈരളി’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1,000 പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും. അപേക്ഷകരില്‍ സൗജന്യ ടിക്കറ്റിന് അര്‍ഹരായവരെ കൃത്യമായ മാനദണ്ഡങ്ങളിലൂടെ തെരഞ്ഞെടുക്കും. സഹായം ആവശ്യമുള്ളവര്‍ freetickets@kairalitv.in എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്. പരിപാടിയുടെ നടത്തിപ്പിനായി മലയാളം കമ്യൂണികേഷന്‍സ് ചെയര്‍മാന്‍ പത്മശ്രീ മമ്മൂട്ടി മുഖ്യ രക്ഷാധികാരിയായ സമിതിക്ക് രൂപം നല്‍കി. നോര്‍ക റൂട്‌സ് ഡയറക്ടര്‍ ഒ.വി മുസ്തഫ, കൈരളി ടിവി ഡയറക്ടര്‍ വി.കെ മുഹമ്മദ് അഷ്‌റഫ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഐസക് പട്ടാണിപ്പറമ്പില്‍ എന്നിവര്‍ രക്ഷാധികാരികളാണ്. കൈരളി ടിവി മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഇ.എം അഷ്‌റഫാണ് കണ്‍വീനര്‍. എസ്.രമേഷ്, മുഹമ്മദ് ഫെയ്‌സ് ജോ.കണ്‍വീനര്‍മാരാണ്. മുരളി ആര്‍.പി (യുഎഇ), പ്രമോദ് ചന്ദ്രന്‍ (ഖത്തര്‍), ശ്രീജിത്.പി (ബഹ്‌റൈന്‍), എന്‍.അജിത് കുമാര്‍ (കുവൈത്ത്), കെ.പി.എം സാദിഖ് വാഴക്കാട് (റിയാദ്), ജോര്‍ജ് വര്‍ഗീസ് (ദമ്മാം), വി.കെ അബ്ദുല്‍ റഊഫ് (ജിദ്ദ), പി.എം ജാബിര്‍ (ഒമാന്‍), മുഹമ്മദ് ആരിഫ് സി.സി, എന്‍.പി ചന്ദ്രശേഖരന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും നിശ്ചയിച്ചു.