കണ്ണൂര്‍ വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സ്മാര്‍ട്ട് ഗേറ്റ്

കണ്ണൂര്‍ വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സ്മാര്‍ട്ട് ഗേറ്റ് സംവിധാനം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സ്മാര്‍ട്ട് ഗേറ്റ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. കെ സുധാകരന്‍ എംപി മുന്‍കൈയെടുത്ത് മണപ്പുറം ഫിനാന്‍സിന്റെ സാമ്പത്തിക സഹായത്തോടെയാണ് സംവിധാനം ഒരുക്കിയത്.
യാത്രക്കാരെ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കാനാകുന്ന രാജ്യത്തെ ആദ്യത്തെ ടെക്‌നിക്കല്‍ സംവിധാനമാണിത്. ഒരേ സമയം പത്തിലേറെപ്പേരുടെ ശരീര ഊഷ്മാവ് പത്തു മീറ്റര്‍ അകലെ നിന്നു പോലും തിരിച്ചറിയാന്‍ ഉപകരണത്തിലൂടെ സാധിക്കും. താപനില പരിശോധിക്കാന്‍ യാത്രക്കാര്‍ കാത്തു നില്‍ക്കേണ്ടിവരില്ല. വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കാനാകും. താപനില കൂടുതലാണെങ്കില്‍ തെര്‍മല്‍ ഇമേജ് വഴിയും അലാറം വഴിയും മനസ്സിലാക്കാന്‍ സാധിക്കും. വിവിധ വൈറസ് രോഗങ്ങള്‍ ലോകമെമ്പാടും കണ്ടെത്തുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ താപനില മനസ്സിലാക്കാന്‍ സ്ഥിരം സംവിധാനം സജ്ജമാക്കുന്നത് വിമാനത്താവളത്തിന് വലിയ മുതല്‍ക്കൂട്ടാണെന്ന് ഗേറ്റ് ഉദ്ഘാടനം ചെയ്ത കെ സുധാകരന്‍ എംപി പറഞ്ഞു.
ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് പുറമെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും പരിശോധിക്കുന്നതിനുള്ള ഓട്ടോമാറ്റിക് ചെക്കിങ്ങ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കലക്ടര്‍ ടിവി സുഭാഷ്, കിയാല്‍ എംഡി തുളസീദാസ്, മണപ്പുറം ഫിനാന്‍സ് കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ വികെ ധനേഷ്, ഏരിയ മാനേജര്‍ സെക്യൂരിറ്റി ടിപി ശശിധരന്‍ പങ്കെടുത്തു.