കണ്ണൂരിലും കോവിഡ് ഭീതിയൊഴിയുന്നു

12

ഹോട്ട്‌സ്‌പോട്ടുകള്‍ പത്തായി കുറഞ്ഞു

കണ്ണൂര്‍: ജില്ലയിലും കോവിഡ് ഭീതി ഒഴിയുന്നു. തുടര്‍ച്ചയായി നാലാം ദിവസവും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ഇളവുകളും ലഭിച്ചു തുടങ്ങി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം പത്തായി ചുരുങ്ങി. ഇത്തരം മേഖലകളില്‍ നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
ഒരു ഘട്ടത്തില്‍ നിയന്ത്രണാധീതമാവുമെന്ന് കരുതിയ കണ്ണൂരില്‍ ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ് ജില്ലാ ഭരണകൂടം കോവിഡിനെ പ്രതിരോധിച്ചത്. പൊലീസ് നിയന്ത്രണത്തിന്റെ ഫലമാണ് ജില്ലയില്‍ പ്രകടമായത്. ഇപ്പോള്‍ 15 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞു. ഇന്നലെ 96പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 43 പേര്‍ വീടുകളിലും 53 പേര്‍ ആസ്പത്രിയിലുമാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂരിലാണ്. ഇവിടെ 15 പേര്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍ കുറഞ്ഞതും വലിയ ആശ്വാസമാണ് നല്‍കുന്ന്. നേരത്തെ 25ല്‍ അധികം തദ്ദേശ സ്ഥാപനങ്ങള്‍ ഈ പട്ടികയില്‍ ഉണ്ടായിരുന്നു. ഇതു കൊണ്ടു തന്നെ ജില്ലയില്‍ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. എന്നാല്‍ കോവിഡ് ഭീതി ഒഴിഞ്ഞതോടെ പൊലീസും അയഞ്ഞു. കൂടുതല്‍ പേര്‍ ഇന്നലെയും പുറത്തിറങ്ങി. എന്നാല്‍ ഹോട്ട് സ്‌പോട്ടുകളില്‍ നിയന്ത്രണം തുടരുകയാണ്. ഇവിടങ്ങളില്‍ കടകള്‍ തുറക്കുന്നതിനും നിയന്ത്രണം ഉണ്ട്. സാമൂഹ്യ വ്യാപന സാധ്യത വിലയിരുത്തുന്നതിനായി നടത്തിയ കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കണ്ണൂരിലും പരിശോധന നടത്തിയത്.