കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചത് വയനാട് ജോലി ചെയ്യുന്ന പൊലീസുകാരന്

7

നിരീക്ഷണത്തില്‍ 2497 പേര്‍

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിതനായി ഒരാള്‍ കൂടി. രോഗം സ്ഥിരീകരിച്ചത് വയനാട് ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്. 42കാരനായ ഇദ്ദേഹം വയനാട്ടിലെ സ്‌റ്റേഷനിലാണ് ജോലിചെയ്യുന്നത്. കേളകം സ്വദേശിയാണ്. ചെന്നൈയില്‍ നിന്നു വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗബാധയുണ്ടായത്. ഈ ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടായിരുന്ന വ്യക്തി സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഇയാള്‍ക്ക് മെയ് 10ന് രോഗം സ്ഥിരീകരിച്ചിരുന്നു.
2797 പേരാണ് കോവിഡ് സംശയത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 38 പേര്‍ ആസ്പത്രിയിലും 2459 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 4523 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4465 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4223 എണ്ണം നെഗറ്റീവാണ്. 58 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 135 എണ്ണം.

കോവിഡ് കെയര്‍ സെന്ററുകളില്‍ 618 പേര്‍
ഹോം ക്വാറന്റൈനില്‍ 1410 പേര്‍
കണ്ണൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെയ് ആദ്യ വാരത്തില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരില്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 618 പേര്‍. ഇതില്‍ 191 പേര്‍ പ്രവാസികളും 427 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ ആസ്പത്രി നിരീക്ഷണത്തിലുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് വ്യവസ്ഥ. എന്നാല്‍ പ്രായമുള്ളവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയര്‍ ഉള്ളതിനാല്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് കഴിയുന്നത്.
പ്രവാസികളായ 135 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 1275 പേരും ഉള്‍പ്പെടെ ആകെ 1410 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍, തലശ്ശേരി നഗരസഭ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ലോഡ്ജുകളിലുമായാണ് തിരികെയെത്തിയ പ്രവാസികള്‍ നിരീക്ഷണത്തിലുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആസ്പത്രികളിലേക്ക് മാറ്റും.