കണ്ണൂരില്‍ രോഗികള്‍ 77 ഹോട്ട്‌സ്‌പോട്ടുകള്‍ 22

18

കണ്ണൂര്‍: ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണവും കൂടി. പുതിയ കണക്ക് പ്രകാരം 22 തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവിടങ്ങളിലെ 34 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണുകളാണ്. ഇവിടെ യാതൊരു ഇളവുകളും അനുവദിക്കില്ല.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും നാലുപേര്‍ പുറത്ത് നിന്ന് എത്തിയവരുമാണ്. ബാക്കി നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. എന്നാല്‍ 119 പേര്‍ രോഗം ഭേദമായതോടെ ആസ്പത്രിയിലുള്ളവരുടെ എണ്ണം 77 ആയി. കേരളത്തിന്റെ പുറത്ത് നിന്ന് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതോടെ ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.
നിലവില്‍ 11397 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 58 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 66 പേരും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ 23 പേരും കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ 18 പേരും വീടുകളില്‍ 11232 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഉറവിടം കണ്ടെത്താനാവാതെ രോഗം പടരുന്നത് ഗൗരവത്തോടെയാണ് കാണുന്നത്.
എട്ടുപേര്‍ക്കാണ് കണ്ണൂരില്‍ ഇത്തരത്തില്‍ രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മരണപ്പെട്ട എടക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ച രണ്ടു പ്രതികള്‍ക്കും രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇതു കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

മാസ്‌ക് ധരിക്കാത്തതിന് 262 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 262 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ആകെ കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 2843 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2371 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3027 പേരെ അറസ്റ്റ് ചെയ്തു. 957 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ വിവിധ സ്റ്റേഷനുകളിലായി ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.