കരുതല്‍ വേണം നാലാം ഘട്ടത്തിലും

10
കുവൈത്തില്‍ നിന്നു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സുരക്ഷാ മുന്‍കരുതലോടെ പുറത്തെത്തിക്കുന്നു

നിയന്ത്രണങ്ങളിലെ ഇളവിലും മാര്‍ഗ നിര്‍ദേശങ്ങളുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം

കണ്ണൂര്‍: അടച്ചുപൂട്ടലിന്റെ നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഫല പ്രാപ്തിയിലെത്തിക്കാന്‍ രോഗ വ്യാപനം തടയുന്നതിന് മാര്‍ഗ നിര്‍ദേശങ്ങളുമായി ജില്ലാ ഭരണകൂടം.
രോഗ വ്യാപനം തടയാന്‍ ഓരോ വ്യക്തിയും ജീവിതചര്യയില്‍ മാറ്റങ്ങള്‍ വരുത്തി വ്യക്തി ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആവശ്യമായ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കലക്ടറുടെ ഉത്തരവ്.

മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
* പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിച്ച് സാമൂഹിക അകലം പാലിക്കണം.
* സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നത് ശീലമാക്കണം.
* ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികളും അടിയന്തരമല്ലാത്ത യാത്രകളും പൂര്‍ണമായും ഒഴിവാക്കണം.
* 10 വയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും രോഗബാധയുള്ളവരും ഗര്‍ഭിണികളും വീടിന് പുറത്തിറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
* സൗഹൃദ സന്ദര്‍ശനങ്ങളും ബന്ധു വീടുകളിലെ സന്ദര്‍ശനങ്ങളും അടിയന്തര ഘട്ടത്തില്‍ മാത്രമായി പരിമിതപ്പെടുത്തണം.
* പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
* രോഗവ്യാപന സാധ്യത കണക്കിലെടുത്ത് അപരിചിതരായ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ട സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ന

—————————————————————————————————–
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ 51 മുതല്‍ 60 വരെ വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188ാം വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

———————————————————————————————–

ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നൊഴിവായ പ്രദേശങ്ങളില്‍ അനുവദിച്ച ഇളവുകള്‍

കടകള്‍, ഒറ്റനില വ്യാപാര സമുച്ചയങ്ങള്‍
മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ച് സാമൂഹിക അകലം പാലിച്ചും സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് ഉള്‍പ്പെടെ ശുചീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന വ്യവസ്ഥയില്‍ സ്ഥാപനങ്ങള്‍ക്കും ഷോപ്പുകള്‍ക്കും നിബന്ധനകളോടെ പ്രവര്‍ത്തിക്കാം. സ്ഥാപനങ്ങള്‍ (ടോയ്‌ലെറ്റ് ഉള്‍പ്പെടെ) യഥാസമയം അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിക്കണം.
കടകളും കച്ചവട സ്ഥാപനങ്ങളും ഹോം ഡെലിവറി, ടോക്കണ്‍ സംവിധാനം, ഫോണിലൂടെ സന്ദര്‍ശന സമയം നിശ്ചയിക്കുന്ന സംവിധാനം എന്നിവ ഫലപ്രദമായി നടപ്പിലാക്കണം. സാധനങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം. കടകളില്‍ ഒരേ സമയത്ത് സാമൂഹിക അകലം പാലിച്ച് പരമാവധി 5 പേര്‍ മാത്രമേ പാടുള്ളൂ. വ്യാപാര സമുച്ചയങ്ങളില്‍ ഒരു ദിവസം 50 ശതമാനം ഷോപ്പുകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. ഏതൊക്കെ ഷോപ്പുകള്‍ തുറക്കണമെന്ന് കടഉടമകളുടെ കൂട്ടായ്മയില്‍ നിശ്ചയിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുടെ അനുമതിയോടെ തീരുമാനിക്കാം.

ഹോട്ടലുകളും റസ്‌റ്റോറന്റുകളും
ഹോം ഡെലിവറി സംവിധാനവും പാഴ്‌സല്‍ മാര്‍ഗവും മാത്രം ഉപയോഗപ്പെടുത്തി ഭക്ഷണ വിതരണം നടത്താം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും വെച്ച് ഭക്ഷണം കഴിക്കുന്ന രീതി അനുവദിക്കില്ല.

ക്വാറികള്‍
നിയമം അനുശാസിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ച് പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തിയും പ്രവൃത്തി നടത്താം.

ആസ്പത്രികള്‍
ആസ്പത്രികളില്‍ അടിയന്തര ചികിത്സക്ക് വരുന്നവര്‍ക്ക് ഒഴികെ ടോക്കണ്‍ സംവിധാനവും ഫോണ്‍ മുഖേന സന്ദര്‍ശന സമയം നിശ്ചയിക്കാനും സംവിധാനവും ഒരുക്കണം. ഒരേ സമയം സന്ദര്‍ശകരായി 10 പേര്‍ മാത്രമേ പാടുള്ളൂ. ആസ്പത്രികളില്‍ ചികിത്സക്ക് വരുന്നവര്‍ക്കിടയില്‍ രോഗവ്യാപനമില്ലാതിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

വ്യവസായ സ്ഥാപനങ്ങള്‍
കൈത്തറി മേഖലയിലുള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ ചെയ്യാന്‍ സാഹചര്യം ഉറപ്പാക്കി ഒാരോ ദിവസവും സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിക്കണം.

തോട്ടങ്ങളിലും കാര്‍ഷികമേഖലയിലും
തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി പ്രവൃത്തി നടത്താം.

നിര്‍മാണ മേഖലയില്‍
ദുരന്തനിവാരണ പ്രവൃത്തികള്‍, റോഡ് പണികള്‍, ഭവന നിര്‍മാണം മറ്റ് അടിയന്തര സ്വഭാവമുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ എന്നിവയ്ക്കായി പരിമിതമായ തൊഴിലാളികളെ മാത്രം ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടത്താം.
സാധന സാമഗ്രികള്‍ വാഹനങ്ങള്‍ വഴി കൊണ്ടുപോകാവുന്നതാണ്.

ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും
ഹെയര്‍ കട്ടിംഗ്, ഹെയര്‍ ഡ്രസിംഗ്, ഷേവിംഗ് തുടങ്ങിയ പ്രവൃത്തികള്‍ എസി ഉപയോഗിക്കാതെ നടത്താം. രണ്ടില്‍ കൂടുതല്‍ പേര്‍ ഒരേ സമയം കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കണം.
ഫോണിലൂടെ സന്ദര്‍ശന സമയം നിശ്ചയിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തണം.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവൃത്തിക്കാം.

വിവാഹത്തിനും മരണാനന്തര ചടങ്ങിനും
വിവാഹച്ചടങ്ങ് 50 പേരിലും, വിവാഹ അനുബന്ധ ചടങ്ങുകള്‍ 10 പേരിലും മരണാനന്തര ചടങ്ങുകള്‍ 20 പേരിലും അധികരിക്കാതെ സംഘടിപ്പിക്കണം.

മാര്‍ക്കറ്റുകളില്‍
മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കാനും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം നിര്‍ബന്ധമാക്കി ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാനും നിര്‍ബന്ധമായും അതത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും പൊലീസും ചേര്‍ന്ന് ക്രമീകരണം ഏര്‍പ്പെടുത്തണം.

പൊതുയിടങ്ങളില്‍
ആരാധനാലയങ്ങള്‍, മാളുകള്‍, സിനിമാശാലകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍ മറ്റ് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലവിലെ നിയന്ത്രണം തുടരും. എല്ലാ കൂട്ടായ്മകളും ആള്‍ക്കൂട്ടം കൂടുന്ന പൊതുപരിപാടികള്‍ ഒഴിവാക്കണം.

ഹോട്ട്‌സ്‌പോട്ടുകളില്‍ നിരോധനം തുടരും
ഹോട്ട് സ്‌പോട്ടുകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും.