മടങ്ങി, 450 അതിഥി തൊഴിലാളികള്‍ കൂടി

9
ബീഹാര്‍ സ്വദേശികളെ നാട്ടിലെത്തിക്കുന്നതിനായി കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് കണ്ണൂരില്‍ നിന്നു പുറപ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ നിന്നുള്ള ദൃശ്യം

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ കൂടി വീടുകളിലേക്ക് മടങ്ങി. മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളാണ് കോഴിക്കോട് നിന്ന് പുറപ്പെട്ട തീവണ്ടിയില്‍ യാത്ര തിരിച്ചത്.
ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി 450 പേരെ 15 കെഎസ്ആര്‍ടിസി ബസുകളിലാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ഇവര്‍ക്കാവശ്യമായ ഭക്ഷണപ്പൊതി ജില്ലാ ഭരണകൂടം നല്‍കിയിരുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു ബസില്‍ 30 പേരെ മാത്രമാണ് കൊണ്ടുപോയത്. യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ പരിശോധനയ്ക്ക് വിധേയമാക്കി രോഗലക്ഷണങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു.

ഇന്ന് യുപിയിലേക്ക്, നാളെ ജാര്‍ഖണ്ഡ്
2280 പേര്‍ കൂടി മടങ്ങും
രണ്ട് സംസ്ഥാനക്കാരായ തൊഴിലാളികള്‍ കൂടി ഇന്നും നാളെയുമായി കണ്ണൂരില്‍ നിന്ന് മടങ്ങും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് ഉത്തര്‍ പ്രദേശിലേക്കും നാളെ ജാര്‍ഖണ്ഡിലേക്കുമുള്ള 1140 വീതം തൊഴിലാളികളാണ് മടങ്ങുക. കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ നിന്ന് ബീഹാറിലേക്കുള്ള വണ്ടിയില്‍ 1140 പേര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേക്കും പോകുന്ന തൊഴിലാളികളെ കണ്ടെത്തി പട്ടിക തയ്യാറാക്കി റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്നത്.