സൗകര്യമൊരുക്കുന്നതില്‍ നിസംഗത
കണ്ണൂര്‍: മഹാമാരി ഭീതിയില്‍ നാടണഞ്ഞ പ്രവാസികളോട് ഒട്ടുമില്ല കരുതല്‍. സൗകര്യമൊരുക്കുന്നതിലെ ജില്ലാ ഭരണകൂടത്തിന്റെ നിസംഗതയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്റീനിലും ദുരിതം.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരുള്‍പ്പെടെ വിവിധ വിമാനത്താവളങ്ങള്‍ വഴി ജില്ലയിലെത്തിയ പ്രവാസികളാണ് സര്‍ക്കാറിന്റെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ ദുരിതമനുഭവിക്കുന്നത്. ക്വാറന്റീന് കേന്ദ്രങ്ങളിലെ അസൗകര്യങ്ങള്‍ പ്രവാസികളെ പ്രയാസത്തിലാക്കുകയാണ്. ആരോഗ്യ സുരക്ഷക്ക് യാതൊരു മുന്കരുതലുമില്ലാത്ത രീതിയിലുള്ളതാണ് ജില്ലാ ഭരണകൂടം ഒരുക്കിയ ക്വാറന്റീന് കേന്ദ്രങ്ങള്‍. വൃത്തിഹീനവും വാസയോഗ്യമല്ലാത്തതുമായ മുറികളിലാണ് പലരെയും പാര്‍പ്പിച്ചിരിക്കുന്നത്. കുടുംബങ്ങളുമായി എത്തിയവരും ക്വാറന്റീന് കേന്ദ്രങ്ങളിലെ അസൗകര്യം കാരണം പ്രയാസം നേരിടുകയാണ്. സൗകര്യപ്രദവും ബാത്ത് അറ്റാച്ഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മുസ്ലിംലീഗ് ഉള്‍പ്പെടെ വിവിധ സംഘടനകള്‍ കണ്ടെത്തി നല്‍കിയിട്ടും സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടങ്ങളില്‍ ഭൂരിഭാഗവും വാസയോഗ്യമല്ലാത്ത കെട്ടിടങ്ങളാണ്.
ഇത്തരം കെട്ടിടങ്ങളില്‍ താമസിക്കാന്‍ സാധിക്കാനാകാത്ത അവസ്ഥയില്‍ പൈസ കൊടുത്ത് ഉപയോഗിക്കാനാകുന്ന സ്ഥാപനങ്ങളില്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരാകരിക്കുകയായിരുന്നു. പെയ്ഡ് ക്വാറന്റീന് കേന്ദ്രങ്ങള്‍ അനുവദിച്ച് തരണമെന്ന് അപേക്ഷിച്ചിട്ടും നിര്ബന്ധപൂര്വമാണ് വാസയോഗ്യമല്ലാത്ത കേന്ദ്രങ്ങളില്‍ തങ്ങളെ പാര്‍പ്പിച്ചതെന്ന് പ്രവാസികളില്‍ പലരും പറഞ്ഞു.
പ്രവാസികളോട് ക്രൂരതയെന്ന് മുസ്ലിംലീഗ്
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കണ്ണൂരിലെത്തിയ പ്രവാസികളോടുള്ള അധികാരികളുടെ സമീപനം ആശാസ്യകരമല്ലെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ റിയാദില്‍ നിന്നും മസ്ക്കത്തില്‍ നിന്നും വന്നിറങ്ങിയ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമുണ്ടായ ദുരിതങ്ങള്‍ വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു. പെയ്ഡ് ക്വാറന്റീന് അപേക്ഷിച്ചിട്ടും സമ്മതിക്കാതെ നിര്‍ബന്ധിച്ച് വാസയോഗ്യമല്ലാത്ത പയ്യന്നൂരിലെയും പറശ്ശിനിക്കടവിലെയും ചില ഹോട്ടലുകളിലേക്ക് ഉദ്യോഗസ്ഥര്‍ അയക്കുകയായിരുന്നു. ബസ് ജീവനക്കാരും ക്രിമിനലുകളെ പോലെ പെരുമാറുന്നുവെന്നാണ് പ്രവാസികളില്‍ പലരുടെയും പരാതി.
വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അടിയന്തര പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.