നിയന്ത്രണം നീങ്ങി റോഡ് പണി പുനരാരംഭിച്ചു

25
കണ്ണൂര്‍ ബാങ്ക് റോഡില്‍ ഇന്റര്‍ലോക്ക് സ്ഥാപിക്കുന്നു

കണ്ണൂര്‍: അടച്ചുപൂട്ടലില്‍ നിര്‍ത്തിവെച്ച റോഡുകളുടെ പണികള്‍ പുനരാരംഭിച്ചു. മഴയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ട റോഡുകളുടെ പണികളാണ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചത്. ഓവുചാലുകളും തോടുകളും വ്യത്തിയാക്കുന്ന ജോലികളും തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ച് പേരടങ്ങുന്ന തൊഴിലാളികളാണ് ജോലിചെയ്യുന്നത്. നഗരത്തില്‍ പ്രധാന ഭാഗമായ ബാങ്ക് റോഡിലെ ഇന്റര്‍ലോക്ക് പണി ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്. അടച്ചുപൂട്ടല്‍ കാലത്തിന് മുമ്പ് പകുതിയോളം പണികള്‍ കഴിഞ്ഞിരുന്നു.
നിയന്ത്രണങ്ങള്‍ക്കിടയിലും പണി തുടര്‍ന്നത് പൊലീസ് ഇടപെട്ടതിനാല്‍ നിര്‍ത്തിവെക്കുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് പണി തീര്‍ക്കേണ്ട ആവശ്യകത മനസിലാക്കി പ്രവൃത്തി തുടരാന്‍ ജില്ലാ ഭരണകൂടമാണ് അനുമതി നല്‍കിയത്. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇന്റര്‍ലോക്കിടുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറും. ഇതിന് പുറമെ എളയാവൂര്‍ 23 ഡിവിഷന്‍ റോഡ്, പുഴാതി റോഡ്, ചാലയിലെ അടിപ്പാത കോണ്‍ക്രീറ്റ്, റെയില്‍വേ സ്‌റ്റേഷന്‍ അടിപ്പാത, താവക്കര റോഡ്, തുടങ്ങിയ സ്ഥലങ്ങളിലും പണി നടക്കുന്നുണ്ട്. അതേസമയം നിര്‍മാണ സാധനങ്ങളുടെ ലഭ്യത കുറവ് കാരണം പലയിടങ്ങളിലും പണി തുടങ്ങാനാകാത്ത അവസ്ഥയുമുണ്ടെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പറഞ്ഞു.
നിര്‍മാണ മേഖലയിലെ അനിശ്ചിതത്വം ഒഴിവാക്കാന്‍ ജില്ലയിലെ ക്വാറികള്‍ തുറക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയെങ്കിലും തുറന്ന ക്വാറികളും പൊലീസ് അടപ്പിക്കുന്ന സ്ഥിതിയുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഭാഗമായ തൊഴിലാളികളാണ് തോടുകളും ഓവുചാലുകളും വൃത്തിയാക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് ഇവര്‍ ജോലി ചെയ്യുന്നത്. എല്ലാ തൊഴിലാളികള്‍ക്കും മാസ്‌കും കൈയ്യുറയും നല്‍കിയിട്ടുണ്ട്.