
ഒരുക്കങ്ങള്‍ പൂര്‍ണ സജ്ജം
കണ്ണൂര്‍: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും പൂര്‍ണ സജ്ജം. ചൊവ്വാഴ്ച വിമാനമിറങ്ങാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
കോവിഡ് വ്യാപനത്തിന് ശേഷം കണ്ണൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്നാണ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. തിരികെയെത്തുന്നവര്‍ ക്വാറന്റൈന് വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ഇക്കാര്യം ഉറപ്പാക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, കിയാല്‍ എംഡി വി തുളസീദാസ്, കണ്ണൂര്‍ ഡിഐജി കെ സേതുരാമന്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ.കെ നാരായണ നായിക് തുടങ്ങി ജനപ്രതിനിധികളും പങ്കെടുത്തു.
അവര്‍ വരുന്നു പരിശോധനയ്ക്ക് ശേഷം
പരിശോധനകള്‍ക്ക് ശേഷമാണ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍ വൈറസ് ബാധിതര്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. രോഗബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് വൈറസ് പകരുന്നില്ലെന്ന് ഉറപ്പാക്കാനും ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
ലാന്റിംഗ് 7.30
ചൊവ്വാഴ്ച വൈകുന്നേരം 7.10നാണ് ദുബൈയില്‍ നിന്ന് ആദ്യ വിമാനമെത്തുക. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘമായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് ശേഷം രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും.
ഗര്‍ഭിണികളും കുട്ടികളും വീടുകളിലേക്ക്
ഗര്‍ഭിണികളും പങ്കാളികളും 14 വയസിന് താഴെയുള്ള കുട്ടികളും വയോജനങ്ങളെയും വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും അയക്കും. യാത്രക്കാര്‍ക്ക് സ്ക്രീനിംഗിന് ശേഷം ക്വാറന്റൈനില്‍ നിയന്ത്രണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കും. ക്വാറന്റൈന് ഉറപ്പാക്കാന്‍ വിവരങ്ങളും ശേഖരിക്കും. ഇതിനായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കാനും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തയാറായി കെഎസ്ആര്‍ടിസിയും
ജില്ലക്കാരായ യാത്രക്കാരെയും അയല്‍ ജില്ലയിലേക്കു പോകേണ്ടവരെയും പ്രത്യേകമായി തിരിച്ചാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ ജില്ലകളിലുമുള്ളവര്‍ക്ക് പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണ് യാത്ര തിരിക്കുക. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്ഡ് ടാക്സി സൗകര്യവും ലഭ്യമാണ്. വിമാനയാത്രക്കാരെയും അവരുടെ ബാഗേജുകളും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളും യോഗം ചര്‍ച്ച ചെയ്തു.