കര്‍ണാടക തിരിച്ചയച്ചു; കണ്ണീരായി അബുത്വാഹിറിന്റെ അവസാന യാത്ര

താമരശ്ശേരി: നാട്ടിലേക്ക് പുറപ്പെട്ട് അതിര്‍ത്തികടക്കാനാവാതെ തിരിച്ചു വരുമ്പോള്‍ അബൂതാഹിര്‍ അറിഞ്ഞിട്ടുണ്ടാവില്ല, ജീവിതത്തില്‍ ഒരിക്കലും ഇനി പെറ്റുമ്മയെ കാണാനാവില്ലെന്ന്. ബുധനാഴ്ച്ച വൈകിട്ട് വയനാട് ചുരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയും മദ്രസ അധ്യാപകനുമായ കൊടക് അയ്യങ്കേരി വില്ലേജിലെ പൊറ്റക്കാട് വീട്ടില്‍ അബ്ദുറഹ്മാന്‍ മകന്‍ അബുത്വാഹിറിന്റെ മയ്യിത്ത് ജന്മദേശത്ത് ഖബറടക്കി. മലോരം ജുമാ മസ്ജിദില്‍ മൂന്ന് വര്‍ഷമായി പഠനം നടത്തുന്ന അബൂത്വാഹിര്‍ അടിവാരം മദ്രസയിലും ജോലി ചെയ്യുന്നുണ്ടായിരുന്നു. സാമ്പത്തികമായ വളരെ പ്രയാസം നേരിടുന്ന അബൂത്വാഹിറിന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് പോലുമില്ല. പഠനത്തോടൊപ്പം ജോലി ചെയ്തു ലഭിച്ചിരുന്ന പണം കൊണ്ടായിരുന്നു കുടുംബം പുലര്‍ന്നിരുന്നത്. മതപണ്ഡിതരടക്കം ഏഴുപേരടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ഇദ്ദേഹം.
ലോക്ഡൗണ്‍ കാരണം മാസങ്ങളായി വീട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നാട്ടില്‍ പോകുന്നതിനാവശ്യമായ എല്ലാ രേഖകളും ശരിയാക്കി ബൈക്കില്‍ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. കുട്ട വഴി എളുപ്പത്തില്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും റോഡ് അടച്ചിട്ടതിനാല്‍ സാധിച്ചില്ല.പിന്നീട് ദേശീയ പാത വഴി പോകാന്‍ ശ്രമിച്ചെങ്കിലും കര്‍ണാടക ്അതിര്‍ത്തിയില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. വേണ്ടത്ര രേഖയില്ലാതെ പ്രവേശിക്കാന്‍ കഴിയില്ലെന്നറിയിക്കുകയായിരുന്നു. മാസങ്ങളായി നാട്ടില്‍പോയിട്ടെന്നുമുള്ള കാര്യങ്ങള്‍ പൊലീസുകാരോട് ധരിപ്പിച്ചെങ്കിലും അവര്‍ വിടാന്‍ തയ്യാറായില്ല. അവിടെ വെച്ച് ഉമ്മയെ ഫോണില്‍ വിളിച്ച് വരാന്‍ കഴിയാത്തതിന്റെ സങ്കടം പങ്കുവെച്ചിരുന്നു. നാട്ടില്‍ പോകാന്‍ കഴിയാത്തതിന്റെയും കുടുംബക്കാരെ കാണാത്തതിന്റെ പ്രയാസത്തിലും തിരിച്ച് അടിവാരത്തേക്ക് മടങ്ങുന്നതിനിടയിലാണ് വൈകിട്ടോടെ ചുരം രണ്ടാം വളവില്‍ വെച്ച് ഇന്നോവ കാര്‍ ഇദ്ദേഹത്തിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതിര്‍ത്തി വരെ സി.എച്ച് സെന്ററിന്റെ സൗജന്യ ആംബുലന്‍സിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി നൗഫല്‍ ഫൈസി ഒമാനൂര്‍,കോയ ഹംനാസ്, ഫാസില്‍ വിച്ചി എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന അബൂതാഹിറിന്റെ വിയോഗത്തില്‍ തേങ്ങുകയാണ് മലോറത്തെ പ്രദേശവാസികള്‍. മാതാവ്: അസ്മ, സഹോദരങ്ങള്‍: മുഹമ്മദ് ഇഖ്ബാല്‍ ഫൈസി, അബുസാലിഹ് യമാനി, നഫീസത്തുല്‍ മിസ്‌രിയ്യ, ഹാജറ, അബ്ദുല്‍ ജലീല്‍, സുഹൈല.