പുതിയ പത്തുകേസില് രണ്ടു കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരും
കാസര്‍കോട്: പത്തുപേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും കോവിഡ് ഭീതിയിലേക്ക്. മഹാമാരിയുടെ രണ്ടാംഘട്ടത്തില്‍ ആശ്വസിക്കുന്നതിനിടയിലാണ് ദിവസങ്ങള്‍ക്ക് ശേഷം ജില്ല വീണ്ടും കനത്ത ജാഗ്രതയിലേക്ക് പോകുന്നത്. ഇന്നലെ മാത്രം പത്തുപേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ നിന്നു മെയ് നാലിന് വരികയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയില്‍ നിന്നു കാറില്‍ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള വ്യക്തിയും കൂടെ യാത്ര ചെയ്ത അദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയും എട്ടും പതിനൊന്നും വയസുള്ള മക്കളുമാണ് രോഗബാധ സ്ഥിരീകരിച്ചതില്‍ നാലുപേര്‍.
കാറോടിച്ച വ്യക്തി ഈകാലയളവില്‍ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ക്യാന്‍സര്‍ രോഗിയുമായി വരികയും ആസ്പത്രിയിലെ ക്യാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
ഇന്നലെ സ്ഥിരീകരിച്ചവരില്‍ ജനറല്‍, ജില്ലാ ആസ്പത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. മെയ് 12നാണ് ഇവരുടെ സ്രവം പരിശോധനക്കായി എടുത്തത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.
മഞ്ചേരിയില്‍ നിന്നെത്തിയ 65കാരനും രോഗബാധ
മഞ്ചേരിയില്‍ നിന്നെത്തിയ കാസര്‍കോട് നഗരസഭയിലെ 65 വയസുകാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് താമസം. കോട്ടയത്ത് നിന്ന് തലപ്പാടിയിലേക്ക് വരുന്ന ആംബുലന്‍സില്‍ കയറിയാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സ്രവംപരിശോധനയ്ക്ക് അയച്ചത്.
ബംഗളുരുവില്‍ നിന്നു വന്ന 26 വയസുള്ള കള്ളാര്‍ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഇദ്ദേഹം പൂടംകല്ല്താലൂക്ക് ആസ്പത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 12ന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.
ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുമ്പള സ്വദേശിയായ 31 വയസുകാരനടക്കം ഒന്‍പതുപേരും ജില്ലയിലെ കോവിഡ് കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച 58 വയസുള്ള കുമ്പള സ്വദേശി ഹൃദ്രോഗിയും കടുത്ത പ്രമേഹ രോഗിയുമായതിനാല്‍ പരിയാരം മെഡിക്കല്‍കോളജിലാണ് ചികിത്സയിലുള്ളത്.
അന്തര്‍സംസ്ഥാന യാത്രക്കാരില്‍ നിന്നും രോഗ വ്യാപന സാധ്യത കൂടുന്നതായി കണ്ടതിനാല്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തു നിന്ന് വരുന്നവര്‍ മുറികളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണം. ഇതു കുടുംബങ്ങളും ജാഗ്രത സമിതികളും ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
നിരീക്ഷണത്തില്‍ 1428 പേര്
ജില്ലയില്‍ 1428 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1211 പേര് വീടുകളിലും 217 പേര് ആസ്പത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 47 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ മാത്രം പുതിയതായി 35 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 89 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. സെന്റിനല്‍ സര്‍വേ ഭാഗമായി 575 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 561 പേരുടെ റിസള്‍ട്ട് നെഗറ്റീവാണ്. 14 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
അതിര്‍ത്തി കടന്നെത്തിയത് 1969 പേര്
കാസര്‍കോട്: ഇതരസംസ്ഥാനങ്ങളിലുള്ള കാസര്‍കോട് ജില്ലക്കാരായ 1969 പേര് പാസ് പ്രയോജനപ്പെടുത്തി ജില്ലയില്‍ എത്തി. ഇതുവരെ 5105 പേര്‍ക്കാണ് പാസ് അനുവദിച്ചത്. മഞ്ചേശ്വരം അതിര്‍ത്തി ചെക്കുപോസ്റ്റ് വഴി ഇന്നലെ മാത്രം 466 പേര് വന്നു. 761 പേര്‍ക്ക് പാസ് അനുവദിച്ചിരുന്നു. ഇതുവരെ 22891 പേര്‍ക്കാണ് പാസിന് അനുമതി ലഭിച്ചത്. ഇതുവരെ 8329 പേരാണ് മഞ്ചേശ്വരം ചെക്ക്പോസ്റ്റ് വഴി വന്നത്.