178ല്‍ നിന്ന് ഒന്നിലേക്ക്; കാസര്‍കോടന്‍ പ്രതിരോധം വിജയത്തിലേക്ക്

14

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രതിരോധം വിജയത്തിലേക്ക്. 178 പേര്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം. കാസര്‍കോട് ഗവ മെഡിക്കല്‍ കോളജ് കോവിഡ് ആസ്പത്രിയിലാണ് ഒരു രോഗി ചികിത്സയിലുള്ളത്.
തുടര്‍ച്ചയായ എട്ടാം ദിവസവും പോസിറ്റീവ് കേസുകളില്ലാത്തതും രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതും അനുകൂലമായപ്പോള്‍ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചുതുടങ്ങി. ഇന്നലെ ജില്ലയില്‍ രണ്ടുപേരാണ് രോഗമുക്തി നേടിയത്.
ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ 29കാരനും ചെങ്കള പഞ്ചായത്തിലെ 38 വയസുള്ള സ്ത്രീയുമാണ് രോഗമുക്തി നേടിയത്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 178ല്‍ നിന്നും ഒന്നിലേക്ക് ചുരുങ്ങി. ഒരുമാസത്തിനകം തന്നെ മിക്ക രോഗികളുടെയും രോഗം ഭേദമായി. ഗുരുതരമായ നിലയില്‍ ആരുമുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 976 പേരാണ് നിരീക്ഷണത്തിലുള്ളത്. രണ്ടാഴ്ച മുമ്പ് വരെ പതിനായിരത്തിന് മുകളിലായിരുന്നു ഇത്. 227 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 19 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 62 പേര്‍ ഇന്നലെ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
ജില്ലയില്‍ ചെങ്കള പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ രോഗിയുള്ളത്. 39 പേരുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്ത് ഇന്നലെ കോവിഡ് മുക്തമായി. ഇതോടെ ഒരു മുനിസിപ്പാലിറ്റിയും ആറ് പഞ്ചായത്തുകളുമുണ്ടായിരുന്ന ഹോട്ട്‌സ്‌പോട്ട് ലിസ്റ്റില്‍ രണ്ടു പഞ്ചായത്ത് മാത്രമായി ചുരുങ്ങി. എന്നാല്‍ ബാക്കിയുള്ള സ്‌പോട്ടുകളിലും നിയന്ത്രണത്തിന് പൂര്‍ണമായി അയവു വരുത്തിയിട്ടില്ല. ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം ശക്തമാണ്. ഇവിടെ കടകള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ട്.