നിരീക്ഷണത്തിലുള്ളവര്‍ കൂടുന്നു കാസര്‍കോട് രോഗബാധിതര്‍ 18

4

കാസര്‍കോട്: രണ്ടാംഘട്ടത്തില്‍ കോവിഡ് മുക്തമായ ജില്ല വീണ്ടും രോഗഭീതിയില്‍. ഇന്നലെ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 18 ആയി. മുംബൈയില്‍ നിന്നു വന്ന പൈവളികെ സ്വദേശികള്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരെ പ്രത്യേക കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി.
രണ്ടാംഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ച 178 പേര്‍ക്കും രോഗം ഭേദമായതിന് പിന്നാലെയാണ് മെയ് 11ന് ജില്ലയില്‍ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചക്കിടെയാണ് രോഗികളുടെ എണ്ണം 18ആയി ഉയര്‍ന്നത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2456പേരാണ്. ഇതില്‍ വീടുകളില്‍ 2101 പേരും ആശുപത്രികളില്‍ 355 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. മെയ് എട്ടിന് 952പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇത് മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുതിയതായി ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 118 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വെ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 600 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

ജാഗ്രത തുടരണം
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ വരെ 2587 പേരാണ് ജില്ലയില്‍ എത്തിയത്. ഇതില്‍ 1223 പേര്‍ റെഡ്‌സോണുകളില്‍ നിന്നുള്ളവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് 204 പേരാണ് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ രോഗ സാധ്യത ഉയര്‍ന്നു നില്‍ക്കുന്നതുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് അറിയിച്ചു.
സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശപ്രകാരം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ വീടുകളില്‍ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയണം. വിദേശത്തു നിന്ന് വരുന്നവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ 14 ദിവസം ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പട്ടണങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കൂട്ടം കൂടുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് രോഗവ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിക്കും. ആസ്പത്രികളില്‍ അനാവശ്യമായ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും ഡിഎംഒ പറഞ്ഞു.