കാസര്‍കോട്: ജില്ലയില്‍ പുതുതായി ആര്‍ക്കും ഇന്നലെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ല.
1149 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 963 പേരും ആസ്പത്രികളില്‍ 186 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
40 സാമ്പിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്. പുതുതായി 21പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 262 പേര് ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. രോഗഭീഷണിയുള്ള നാടുകളില്‍ നിന്നു ജില്ലയിലേക്ക് കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇനിയുള്ള നാളുകളില്‍ അതീവജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 വൈറസ് വ്യാപനം കാരണം വിവിധ സംസ്ഥാനങ്ങളില്അകപ്പെട്ട് പ്രതിസന്ധിയിലായ കേരളീയരില്‍ ഇതുവരെ 6336 പേര് മഞ്ചേശ്വരം ചെക്പോസ്റ്റ് വഴി സംസ്ഥാനത്തെത്തി. പാസിനായി അപേക്ഷിച്ച 25,314 പേരില്‍ 17,280 പേര്‍ക്കാണ് പ്രവേശനാനുമതി നല്‍കിയത്. ഇതില്‍ ഇന്നലെ മാത്രം 410 പേരാണ് മഞ്ചേശ്വരം വഴിയെത്തിയത്. സംസ്ഥാനത്തെ മറ്റു അതിര്‍ത്തി ചെക്പോസ്റ്റുകളിലടക്കം 1730 കാസര്‍കോട് സ്വദേശികളാണ് ജില്ലയിലെത്തിയത്. ജില്ലയില്‍ നിന്നും ആകെ അപേക്ഷിച്ച 6175 പേരില്‍ നിന്നും 3800 പേര്‍ക്കാണ് പ്രവേശനാനുമതി നല്‍കിയത്.