സിഐക്ക് നേരെ കൈയേറ്റം: പ്രതി അറസ്റ്റില്‍
കാസര്‍കോട്: കോവിഡ് പ്രതിരോധത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ താമസിക്കുന്ന നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയായ യുവാവിന്റെ ഭീകരതാണ്ഡവം. പുതിയ ബസ് സ്റ്റാന്റിലെ സിറ്റി ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ ആബിദ് വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ചൂരി ബട്ടംപാറയിലെ മഹേഷിനെ (26) ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ ഹോട്ടലിലെത്തിയ മഹേഷ് റിസപ്ഷനില്‍ നിന്നും റൂം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമെ റൂം നല്‍കാവൂ എന്ന് റിസപ്ഷനില്‍ നിന്നു പറഞ്ഞതോടെ മഹേഷ് അക്രമാസക്തനായി. തുടര്‍ന്ന് റൂമില്‍ കയറി കട്ടിലും മറ്റു ഫര്‍ണിച്ചറുകളും നശിപ്പിച്ചു. ജനല്‍ ഗ്ലാസുകളും എറിഞ്ഞുടച്ചു. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും അതിക്രമം കാട്ടി. സിഐ സിഎ അബ്ദുല്‍ റഹീമിനെ കൈയേറ്റം ചെയ്യുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ പൊലീസെത്തി അക്രമിയെ കീഴ്പ്പെടുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോട്ടല്‍ കൂടിയാണിത്.
ഇവിടെയാണ് അസമയത്തെത്തി വാതിലുകളില്‍ മുട്ടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. തളങ്കരയിലെ ആബിദ് എന്ന യുവാവിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മഹേഷ്. നിരവധി തവണ കാപ്പ ചുമത്തിയിട്ടുമുണ്ട്.