സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തൃശ്ശൂര്‍ സ്വദേശിനി.

34

തൃശ്ശൂർ: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. (73) വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.

മുംബൈയിൽ നിന്ന് ഇന്നലെയാണ് കദീജക്കുട്ടി തൃശൂരിൽ എത്തിയത്. പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ എത്തിയ ഇവർക്ക് യാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

മൂന്ന് മാസം മുൻപാണ് കദീജക്കുട്ടി മുംബൈയിലുള്ള മക്കളുടെ അടുത്തേയ്ക്ക് പോയത്. മഹാരാഷ്ട്രയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മകനൊപ്പം കദീജക്കുട്ടി നാട്ടിലേയ്ക്ക് എത്തിയത്. കദീജക്കുട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മകനെയും ആംബുലൻസ് ഡ്രൈവറെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.