
ജൂണ്‍ 2, 3 തീയതികളില്‍ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ്
ദുബൈ: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാ വിലക്കില്‍ പൊറുതിമുട്ടിയ പ്രവാസികള്‍ക്കായി യുഎഇ കെഎംസിസി ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വിവിധ എമിറേറ്റുകളില്‍ നിന്നും അടുത്ത ദിവസങ്ങളിലായി പറന്നുയരും.
മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുമായി കെഎംസിസി രക്ഷാധികാരി എ.പി ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്, പി.കെ അന്‍വര്‍ നഹ, ഡോ. അന്‍വര്‍ അമീന് എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളുടെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന്, പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ഡല്‍ഹി ഓഫീസ് നടത്തിയ നീക്കമാണ് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റിന് വഴിയൊരുക്കിയത്. ഇതിലൂടെ ലോക്ക്ഡൗണില്‍ കുടുങ്ങിയ ആയിരങ്ങള്‍ക്ക് കൂടുതല്‍ കാത്തിരിപ്പില്ലാതെ നാടണയാന്‍ സാധിക്കും.
ജൂണ്‍ 2ന് ഷാര്‍ജ-അഴീക്കോട് മണ്ഡലം കെഎംസിസിയുടെയും ജൂണ്‍ 3ന് ദുബൈ-മലപ്പുറം ജില്ലാ കെഎംസിസിയുടെയും വിമാനങ്ങള്‍ പറന്നുയരും. മറ്റു വിമാനങ്ങള്‍ വിവിധ ഘടകങ്ങളുടേതായി വിവിധ എമിറേറ്റുകളില്‍ നിന്നും വ്യത്യസ്ത ദിവസങ്ങളിലായി ഓപറേറ്റ് ചെയ്യപ്പെടുമെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്, ജന.സെക്രട്ടറി നിസാര്‍ തളങ്കര, ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു.
റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട്ടേക്കാണ് രണ്ടു വിമാനങ്ങളും പറക്കുക. രണ്ടു വിമാനങ്ങളും രാവിലെ 5 മണിക്കാണ് റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുക. റാസല്‍ഖൈമ എയര്‍പോര്‍ട്ടിലേക്ക് ദുബൈയില്‍ നിന്ന് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിമാന സര്‍വീസിന് അനുമതി നല്കിയ ഇന്ത്യന്‍ സര്‍ക്കാറിനും ഇന്ത്യന്‍ കോണ്‍സുലേറ്റിനും ബന്ധപ്പെട്ടവര്‍ നന്ദി അറിയിച്ചു.
ജൂണ്‍ രണ്ടിന് പുറപ്പെടുന്ന വിമാനത്തില്‍ യാത്ര ചെയ്യാനുള്ള ആദ്യ ടിക്കറ്റ് യുഎഇ കെഎംസിസി രക്ഷാധികാരി എ.പി ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഷാര്‍ജ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര, ജന.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചക്കനാത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.