കൊണ്ടോട്ടി ഖുബ്ബയുടെ ഫോട്ടേയില്‍ വര്‍ഗീയ പരാമര്‍ശം; അജിത് ഡോവലിന്റെ പേരില്‍ വിവാദ എഫ്.ബി പോസ്റ്റ്

33
ചരിത്രപ്രസിദ്ധമായ കൊണ്ടോട്ടി ഖുബ്ബയുടെ ഫോട്ടോയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരില്‍ വന്ന വര്‍ഗീയ ഫേസ്ബുക്ക് പോസ്റ്റ്‌

കൊണ്ടോട്ടി: ചരിത്രപ്രസിദ്ധമായ കൊണ്ടോട്ടി ഖുബ്ബയുടെ പേരില്‍ വര്‍ഗീയ പരാമര്‍ശം വിവാദമാകുന്നു. കൊണ്ടോട്ടി മുഹമ്മദ് ഷാ തങ്ങളുടെ മഖ്ബറയായ കൊണ്ടോട്ടി ഖുബ്ബ ഒരു സുബ്രഹ്മണ്യ ക്ഷേത്രമാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലാണ് വിവാദ എഫ്.ബി പോസ്റ്റ് വൈറലായത്.
ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരു വെച്ചുള്ള എഫ്.ബി പേജിലാണ് ഈപ്രഖ്യാപനം. 1814ല്‍ നിര്‍മിച്ച ഖുബ്ബയുടെ ചിത്രം കാണിച്ച് പഴയങ്ങാടി പളളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണെന്നാണ് പോസ്റ്റ് ചെയ്തവന്റെ വര്‍ഗീയ കണ്ടെത്തല്‍. എന്നാല്‍ ഖുബ്ബയും പഴയങ്ങാടി പള്ളിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് തിരിച്ചറിയാന്‍ പോസ്റ്റ് ചെയ്തവന്‍ തിരിച്ചറിയാതെയാണ് മത സൗഹാര്‍ദത്തിന് കേളികേട്ട കൊണ്ടോട്ടിയുടെ സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഖുബ്ബ കാണിച്ച് പഴയങ്ങാടി പള്ളി ഹൈന്ദവ ക്ഷേത്രമാണെന്ന് അവകാശപ്പെടുക വഴി നോര്‍ത്തിന്ത്യന്‍ സംഘികളെ പറ്റിക്കാനും കേരളം മത തീവ്രകളുടെ പിടിയിലാണെന്ന് വരുത്താനുമാണ് ഇതിന്റെ ശ്രമമെന്ന് പോസ്റ്റില്‍ വ്യക്തം.
ഈ അക്കൗണ്ട് 397589 ആളുകള്‍ ലൈക്ക് ചെയ്യുകയും 424474 പേര്‍ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്.കൊണ്ടോട്ടി ഖുബ്ബ കേന്ദ്രീകരിച്ചു നടന്നിരുന്ന കൊണ്ടോട്ടി നേര്‍ച്ച മത സൗഹാര്‍ദത്തിന്റെ കൊയ്ത്തുത്സവം കൂടിയായിരുന്നു. ഈ സംസ്‌കാരം ഇന്നും കൊണ്ടോട്ടിയുടെ മത സൗഹാര്‍ദത്തിന്റെ ഊടും പാവും കൂടിയാണ്.ഇത് തിരിച്ചറിയാതെ ഒരു മഹാന്റെ പേരിലുള്ള ഖബറിടം ക്ഷേത്രമാണന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിവാദ വര്‍ഗീയ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിനെതിരെ എം.എസ്.എഫ് പരാതി നല്‍കി
കൊണ്ടോട്ടി:ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും കൊണ്ടോട്ടി ‘ഖുബ്ബ’യുടെ ചിത്രം പ്രദര്‍ശിപ്പിച്ച് പഴയങ്ങാടി മസ്ജിദ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചും സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു എന്ന വര്‍ഗീയ പോസ്റ്റിനെതിരെ നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പോലുള്ള ഒരാളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ഫോട്ടോഷോപ്പ് ഉപയോഗിച്ച് അടിസ്ഥാന രഹിതവും വ്യാജവുമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ വളര്‍ത്തുകയും വിവിധ മതവിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്യുമെന്ന് പരാതിയില്‍ സൂചിപ്പിച്ചു. നാടിന്റെ സമാധാനാ ന്തരീക്ഷം തകരാന്‍ കാരണ മാവുകയും ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് വഴി കളവായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണക്കിടവരികയും മതസ്പര്‍ദ ഉണ്ടാക്കുവാനും വിശ്വാസികള്‍ തമ്മില്‍ പ്രകോപനം സൃഷ്ടിക്കുവാനും അതുവഴി ഗുരുതരമായ സംഘര്‍ഷത്തിലേക്ക് വഴിവെക്കുന്നതുമാണ്.ഈ ഫേസ്ബുക്ക് പോസ്റ്റ് നിലവില്‍ നിരവധി ആളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ത്തും അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയേണ്ടതുണ്ട്. ഇസ്‌ലാംമത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ വര്‍ഗീയ പരമായ പല കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവൃത്തി ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും കേരള പൊലീസ് ആക്ട് പ്രകാരവും കുറ്റകരമായ പ്രവൃത്തിയാണ്. ഈ സാഹചര്യത്തില്‍ മേല്‍ കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ച് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ അമര്‍ച്ച ചെയ്യണമെന്ന് പ്രസിഡന്റ് പി.വി ഫാഹിം അഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍.സി മുഹമ്മദ് ഷെരീഫ് ട്രഷറര്‍ ആസിഫലി എന്നിവര്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചു.