കോട്ടക്കല്‍: ജില്ലാ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചത് കടുത്ത ആശങ്ക സൃഷ്ടിച്ചു. കോട്ടക്കല്‍ സെന്ററില്‍ കഴിഞ്ഞിരുന്ന എടവണ്ണ പത്തപ്പിരിയം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച വിവരം കേന്ദ്രത്തെയോ നഗരസഭയെയോ ആരോഗ്യ വകുപ്പ് അധികൃതര്‍ യഥാസമയം അറിയിച്ചില്ല. ഇത് കാരണം വോളണ്ടിയര്‍മാരായി സേവനം ചെയ്തിരുന്നവരും, നാട്ടുകാരുമാണ് ആശങ്കയിലായത്.
ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുകയും, പിന്നീട് രോഗ ലക്ഷണങ്ങള്‍ കാരണം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തവര്‍ പോസിറ്റീവ് ആവുന്ന വിവരം അതാത് കോവിഡ് സെന്ററുകളിലേക്ക് കൈമാറുന്നില്ല. കോട്ടക്കല്‍ ആര്യവൈദ്യശാല ജില്ലാ കോവിഡ് സെന്ററിലുണ്ടായിരുന്ന വ്യക്തിയുടെ പോസിറ്റീവ് റിസള്‍ട്ടാണ് രണ്ട് ദിവസം കഴിഞ്ഞിട്ടും കോവിഡ് സെന്ററില്‍ അറിയിക്കാതിരുന്നത്.
മെയ് 17ന് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങി കോട്ടക്കലിലെ കോവിഡ് സെന്ററില്‍ എത്തിയ 25കാരനായ പത്തിപ്പിരിയം സ്വദേശിയെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ മെയ് 20ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് വിട്ടിരുന്നു. ശേഷം കോട്ടക്കലിലെ കോവിഡ് സെന്ററിലേക്ക് യാതൊരു വിധ അറിയിപ്പും കൊടുത്തിരുന്നില്ല.
എന്നാല്‍ 29 ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മലപ്പുറത്ത് അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അതില്‍ പത്തിപ്പിരിയം സ്വദേശി 25 കാരന് ഉണ്ടെന്ന് മാധ്യമങ്ങളില്‍ വരികയും ചെയ്തു. എന്നിട്ടും ആ ദിവസം പോലും കോട്ടക്കലില്‍ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന സെന്ററിലേക്ക് ഔദ്യോഗികമായി വിവരം കൈമാറിയില്ല.
ഇന്നലെ നഗരസഭ യൂത്ത് കോഓര്‍ഡിനേറ്ററും കോട്ടക്കല്‍ കോവിഡ് സെന്ററുകളില്‍ വളണ്ടിയര്‍ കോഓര്‍ഡിനേറ്ററുമായ ഇര്‍ഷാദുമായി പോസിറ്റീവായ വ്യക്തി നടത്തിയ സംഭാഷണത്തിലാണ് രണ്ട് ദിവസമായി തനിക്ക് രോഗം സ്ഥിരീകരിച്ചിട്ട് എന്നുള്ള കാര്യം വെളിവാക്കുന്നത്.
അപ്പോള്‍ മാത്രമാണ് കോവിഡ് സെന്റര്‍ ചാര്‍ജുള്ള മെഡിക്കല്‍ ഓഫീസര്‍, ചാര്‍ജ് ഓഫീസര്‍, മറ്റു ഉദ്യോഗസ്ഥര്‍ എല്ലാം ഈ വിവരം അറിയുന്നത്. ഉദ്യോഗസ്ഥരെക്കാള്‍ ഈ വ്യക്തികളുമായി അടുത്തിടപഴകുന്നത് വളണ്ടിയര്‍മാരാണ്.
യൂത്ത്ലീഗിന്റെ കോട്ടക്കല്‍ നഗരസഭാ വൈറ്റ്ഗാര്‍ഡ് അംഗങ്ങളും, ഒരു ക്ലബ്ബും, ചുരുക്കം ചില സന്നദ്ധ പ്രവര്‍ത്തകരുമാണ് സജീവമായി രാവും പകലും വളണ്ടിയര്‍മാരായി സേവനം ചെയ്തിരുന്നത്.
ദിവസങ്ങളോളം കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ കോവിഡ് സെന്ററില്‍ കഴിഞ്ഞ വ്യക്തിക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ രണ്ടു ദിവസം മുമ്പ് പോസിറ്റീവ് റിസള്‍ട്ട് വന്ന വിവരം കോട്ടക്കല്‍ സെന്ററുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥരെയും, നഗരസഭയേയും അറിയിക്കാത്ത അധികൃതരുടെ നടപടിയില്‍ മുനിസിപ്പല്‍ യൂത്ത്ലീഗ് പ്രതിഷേധിച്ചു. കോട്ടക്കല്‍ സെന്ററില്‍ യൂത്ത്ലീഗ് വൈറ്റ്ഗാര്‍ഡ് മാത്രമാണ് വളണ്ടിയേര്സായി സേവനത്തിലുണ്ടായിരുന്നത്. പോസിറ്റീവായ വിവരം ഇന്നലെയാണ് കോട്ടക്കലില്‍ അറിയുന്നത്. ഇത് കാരണം വളണ്ടിയര്‍മാരും അവരുടെ വീട്ടുകാരും, നാട്ടുകാരും കടുത്ത ആശങ്കയിലാണ്. ഗുരുതര വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത്ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.