ജോലിയും താമസവും ഭക്ഷണവുമില്ലാതെ വലഞ്ഞ കൃഷ്ണദാസിനെ ചേര്‍ത്തുപിടിച്ച് കെഎംസിസി

  378
  കൃഷ്ണദാസ് കെഎംസിസി ടീമിനൊപ്പം

  ദുബൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് താമസിക്കുന്ന മുറിയില്‍ എല്ലാവര്‍ക്കും ഒരുമിച്ച് ജോലി നഷ്ടമായപ്പോള്‍ കുടുങ്ങിപ്പോയത് കൃഷ്ണദാസ് ആയിരുന്നു. ഒപ്പം താമസിച്ചവരെല്ലാം പലേടങ്ങളിലേക്ക് മാറിയതോടെ കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണദാസ് പോകാനിടമില്ലാതെ പെരുവഴിയിലായി. ജോലിയും ഭക്ഷണവുമില്ല. ഒടുവില്‍ കിടക്കാനുള്ള ഇടവും കൂടി ഇല്ലാതായി. തെരുവിലായിപ്പോയ കൃഷ്ണദാസിന് കരുതലിന്റെ കിടപ്പാടമൊരുക്കി നല്‍കി കെഎംസിസി.
  ദുബൈ-കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി കമ്മിറ്റിയാണ് കിടക്കാനുള്ള സൗകര്യവും ഭക്ഷണ സാധനങ്ങളും ആവശ്യത്തിന് പണവും നല്‍കി കൃഷ്ണദാസിന് തുണയായത്.ഷാര്‍ജയിലെ ബാച്ചിലര്‍ മുറിയിലിപ്പോള്‍ സുരക്ഷിതനാണ് കൃഷ്ണദാസ്.
  ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറി സലാം കന്യപ്പാടിക്ക് ലഭിച്ച ഒരു ഫോണ്‍ കോളിലൂടെയാണ് കൃഷ്ണദാസിന്റെ ദുരിതം കെഎംസിസി പ്രവര്‍ത്തകര്‍ അറിയാനിടയായത്. തുടര്‍ന്ന്, ദുബൈ-കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് ഹനീഫ ബാവ നഗറിന്റെ നേതൃത്വത്തില്‍ കൃഷ്ണദാസിന്റെ പുരനധിവാസം ഏറ്റെടുത്തു.
  എന്നാല്‍, പ്രതീക്ഷിച്ചതിലും വലിയ പ്രശ്‌നങ്ങളായിരുന്നു നേരിടേണ്ടി വന്നതെന്ന് കെഎംസിസി വളണ്ടിയര്‍മാര്‍ പറയുന്നു. മഹാമാരിയെ പേടിച്ച് മുറികളില്‍ തന്നെ കഴിഞ്ഞിരുന്നവര്‍ പുറത്തു നിന്നൊരാളെ സ്വീകരിക്കാന്‍ ഭയപ്പെട്ടതോടെ പ്രവര്‍ത്തകര്‍ നിസ്സഹായരായി. വിവിധ ഇടങ്ങളില്‍ അലഞ്ഞ് താമസ സൗകര്യം അന്വേഷിച്ച വളണ്ടിയര്‍മാര്‍, ഒടുവില്‍ ഷാര്‍ജയില്‍ ഒരു ബാച്ചിലര്‍ മുറിയില്‍ കൃഷ്ണദാസിന് തല ചായ്ക്കാന്‍ ഇടം കണ്ടെത്തുകയായിരുന്നു. ആവശ്യമായ ഭക്ഷ്യ വസ്തുക്കളും അത്യാവശ്യ പണവും ഏല്‍പിച്ചാണ് കെഎംസിസിക്കാര്‍ ഷാര്‍ജയില്‍ നിന്ന് മടങ്ങിയത്.
  കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഇത് രണ്ടാം തവണയാണ് മലയാളികള്‍ക്ക് പുനരധിവാസം വിജയകരമായി നടപ്പാക്കിയത്. നേരത്തെ, ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തിന് വീട് നഷ്ടമായപ്പോള്‍ ഇടപെട്ട് ദേരയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത് കമ്മിറ്റിയുടെ നേരിട്ടുള്ള ഇടപെടലിലായിരുന്നു. ദിനംപ്രതി നൂറുകണക്കിന് ഭക്ഷണപ്പൊതികളും മരുന്നും ഇവിടെ എത്തിച്ചു കൊടുക്കുന്നു. പ്രവര്‍ത്തനം തുടര്‍ച്ചയായ രണ്ടാം മാസവും പ്രവര്‍ത്തകര്‍ സജീവമായി തുടരുകയാണെന്ന് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ട് യൂസുഫ് മുക്കൂട് പറഞ്ഞു. മണ്ഡലം കെഎംസിസി ഓര്‍ഗനൈസര്‍ റഷീദ് ആവിയില്‍, ജോ.സെക്രട്ടറി അഷ്‌റഫ് ബച്ചന്‍, വൈസ് പ്രസിഡണ്ട് ആരിഫ് കൊത്തിക്കല്‍, ഹംസ ഉളിയങ്കാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിരിക്കുന്നത്.