കെ.എസ്.ആര്‍.ടി.സിയും ഏതാനും സ്വകാര്യബസുകളും സര്‍വീസ് തുടങ്ങി

7
പൊതു ഗതാഗതം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പാളയം ബസ് സ്റ്റാന്‍ഡില്‍ നിന്നും ചെറുവാടിയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സായ കൊളക്കാടനില്‍ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്നു

കോഴിക്കോട്: പൊതുഗതാഗതത്തിന് അനുമതി നല്‍കിയതോടെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കെ.എസ്.ആര്‍.ടി.സി ബസുകളും ഏതാനും സ്വകാര്യ ബസുകളും ജില്ലയില്‍ സര്‍വീസ് നടത്തി. സംസ്ഥാന വ്യാപകമായ സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച സമരത്തെ കണക്കിലെടുക്കാതെ ജില്ലയില്‍ അഞ്ച് സ്വകാര്യ ബസുകളാണ് സര്‍വീസ് ആരംഭിച്ചത്. പൊതുഗതാഗത്തിന് അനുമതി ലഭിച്ചിട്ടും നിരക്ക് വര്‍ധനയുടെ പേരില്‍ ഇന്നലെ മുതല്‍ സര്‍വീസ് നടത്തില്ലെന്ന ബസുടമകളുടെ സംഘടനയുടെ തീരുമാനത്തെ അവഗണിച്ചാണ് ഒരു വിഭാഗം ബസ് നിരത്തിലിറക്കാന്‍ തീരുമാനിച്ചത്.
കോഴിക്കോട്, വടകര,തൊട്ടില്‍പ്പാലം,താമരശ്ശേരി,തിരുവമ്പാടി തുടങ്ങി അറുപത് ഷെഡ്യൂളുകളായാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നത്.കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഓരോ യാത്രക്ക് മുമ്പും ശേഷവും ജീവനക്കാര്‍ ബസുകള്‍ വെളളം അടിച്ച് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. ഇതിനായി എല്ലാ ഡിപ്പോകളിലും സൗകര്യം ഉറപ്പാക്കുകയുണ്ടായി. 50 സീറ്റുകളുള്ള ബസില്‍ 23 മുതല്‍ 30വരെ യാത്രക്കാരെയാണ് കയറ്റിയത്. പിന്‍വാതിലിലൂടെയാണ് കയറ്റി മുന്‍ വാതില്‍ വഴി ഇറക്കാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നല്‍കി കൈകള്‍ ശുചീകരിക്കാന്‍ സൗകര്യവും ഒരുക്കിയിരുന്നു.രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെയാണ് സര്‍വീസ് നടത്തിയത്.
തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തി അല്ലാത്ത സമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, യാത്രക്കാര്‍ താരതമ്യേന കുറവായിരുന്നു. പകുതി സീറ്റ് മാത്രമേ ഉള്ളൂവെന്നതും നിന്നുകൊണ്ട് യാത്ര അനുവദിക്കില്ല എന്നതും യാത്രക്കാര്‍ പിന്തിരിയാന്‍ കാരണമായി. തിരക്കുള്ള റൂട്ടുകളിലേക്ക് കൂടുതല്‍ ബസുകള്‍ ഓടുകയുണ്ടായില്ല. മലബാര്‍ ബസുകള്‍ സര്‍വീസില്‍ ഉണ്ടായിരുന്നില്ല.
അതേസമയം, സ്വകാര്യബസുകള്‍ മെഡിക്കല്‍ കോളജ് മാവൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തിയത്. അഞ്ച് ബസുകളും മറ്റു രണ്ട് ബസുകളുമാണ് ഇന്നലെ മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് ഓര്‍ത്താണ് സര്‍വീസ് ആരംഭിച്ചതെന്നും സര്‍വീസ് 12രൂപയ്ക്ക് നഷ്ടം സഹിച്ചുവേണം സര്‍വീസ് നടത്താനെന്നും ബസുടമകളും ജീവനക്കാരും പറഞ്ഞു.
ഒരു സീറ്റില്‍ ഒരു യാത്രക്കാരന്‍ എന്ന നിലയിലാണ് യാത്ര നടത്തിയത്. രണ്ടു മാസകാലം നിര്‍ത്തിയിട്ട നഷ്ടം ഇതേ നിയന്ത്രണങ്ങളോടെ മുന്നോട്ട് പോയാല്‍ നികത്താന്‍ കഴിയില്ലെന്നാണ് ജീവനക്കാര്‍ അഭിപ്രായപ്പെട്ടത്. ആദ്യദിനത്തില്‍ ചുരുക്കം ചില ആളുകളാണ് ഉണ്ടായിരുന്നത്. സ്വകാര്യ ബസുകള്‍ ഇല്ലെന്ന ധാരണയിലായിരുന്നു യാത്രക്കാര്‍.