ഓടിത്തുടങ്ങി കെഎസ്ആര്‍ടിസി

7

കണ്ണൂര്‍: രണ്ട് മാസത്തെ ഇടവേളക്കു ശേഷം ജില്ലയ്ക്കുള്ളില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ ഓടിത്തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് ബസ് സര്‍വീസ് നടത്തിയത്. ഒരു ബസില്‍ മൊത്തം യാത്രക്കാരുടെ പകുതി യാത്രക്കാരെയാണ് കയറ്റിയത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് യാത്രക്കാരുടെ സീറ്റില്‍ ഒരാളും മൂന്ന് യാത്രക്കാരുടെ സീറ്റില്‍ രണ്ട് പേരും സാമൂഹിക അകലം പാലിച്ചാണ് യാത്ര ചെയ്തത്. ആദ്യ ദിനമായതിനാല്‍ ഇന്നലെ പൊതുവെ യാത്രക്കാര്‍ കുറവായിരുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ചായിരിക്കും വരും ദിവസങ്ങളില്‍ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് കണ്ണൂരില്‍ എത്തിച്ചേരുന്നതിന് തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ചില സര്‍വീസുകള്‍ തുടങ്ങിയിരുന്നു. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്ന്് ആകെ 34 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്. ഇതില്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് 11 ബസുകളും തലശ്ശേരിയില്‍ നിന്ന 10 ബസുകളും പയ്യന്നൂരില്‍ നിന്ന് 13 ബസുകളുമാണ് സര്‍വീസ് നടത്തിയത്.

ഇന്നലെ സര്‍വീസ് 34 ബസ്
= കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് 11 ബസ്
= തലശ്ശേരിയില്‍ നിന്ന് 10 ബസ്
= പയ്യന്നൂരില്‍ നിന്ന് 13 ബസ്‌