കുളപ്പുള്ളിയില്‍ മാനസികാസ്വസ്ഥ്യമുള്ള അന്യസംസ്ഥാനക്കാരിയെ ആസ്പത്രിയിലെത്തിച്ചു

12
ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് അന്യസംസ്ഥാനക്കാരിയെ ആംബുലന്‍സില്‍ കയറ്റുന്നു

ഷൊര്‍ണൂര്‍: കുളപ്പുള്ളി ബസ് സ്റ്റാന്റിന് സമീപം കണ്ടെത്തിയ മാനസികാസ്വസ്ഥ്യമുള്ള അന്യസംസ്ഥാനക്കാരിയായ സ്ത്രീയെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആമ്പുലന്‍സില്‍ തൃശുര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സ്ത്രീയെ റോഡരുകില്‍ പിച്ചും പേയും പറയുന്ന നിലയില്‍ കണ്ടെത്തിയത്. വിവരം നാട്ടുകാരില്‍ ചിലര്‍ നഗരസഭാ ചെയര്‍പേഴ്‌സനെ അറിയിച്ചു. ചെയര്‍പേഴ്‌സന്‍ അറിയിച്ചതനുസരിച്ച് ഡോക്ടര്‍ ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘവും പൊലീസും കുളപ്പുള്ളിയിലെത്തി. പിന്നാലെ ചെയര്‍പേഴ്‌സനുമെത്തി. ഡോക്ടര്‍ സ്ത്രീയെ പരിശോധിച്ചെങ്കിലും കൊറോണയുടെ ലക്ഷണമൊന്നും കണ്ടെത്തിയില്ല. ഒടുവില്‍ സ്ത്രീയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ അകമ്പടിയോടെ നഗരസഭയുടെ ആമ്പുലന്‍സിലാണ് സ്ത്രീയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.