മസ്തിഷ്‌ക രക്തസ്രാവം: അബോധാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞ കുല്‍ദീപ് ബുധനാഴ്ച നാട്ടിലെത്തും

122
കുല്‍ദീപ് റാം

ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: മാസങ്ങളായി റാസല്‍ഖൈമയില്‍ ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശിക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി. നാല് മാസം മുന്‍പ് വഴിയരികില്‍ അബോധാവസ്ഥയില്‍ വീണു കിടന്ന കുല്‍ദീപ് റാമിനെ റാസല്‍ഖൈമ പൊലീസ് ഉദ്യോഗസ്ഥര്‍ റാക് സൈഫ് ഹോസ്പിറ്റലിലെത്തിച്ച് ചികത്സ നല്‍കിയിരുന്നു. പരിശോധനയില്‍ കുല്‍ദീപിന് മസ്തിഷ്‌ക രക്ത സ്രാവമുള്ളതായി കണ്ടെത്തി. അത് കാരണമാണ് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നിരുന്നതെന്ന് ബോധ്യമായി. ബന്ധുക്കളാരും തന്നെ അന്വേഷിച്ചെത്താരുന്നതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ റാസല്‍ഖൈമയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീധരന്‍ പ്രസാദിനെ (എസ്.പ്രസാദ്) ഫോണില്‍ വിളിച്ച് കുല്‍ദീപിനെ കുറിച്ച് അറിയിക്കുകയായിരുന്നു. പ്രസാദ് അവിടെ എത്തി കാര്യങ്ങള്‍ അന്വേഷിച്ചു. ശേഷം, കുല്‍ദീപിന് സൈഫ് ഹോസ്പിറ്റലില്‍ തന്നെ തുടര്‍ ചികിത്സ നല്‍കി. അസുഖം ചെറുതായി ഭേദമായതോടെ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തി നാട്ടിലേക്ക് പറഞ്ഞയക്കാനുള്ള ഒരുക്കം നടത്തി. അതിനിടക്ക്, എമിറേറ്റിലെ കോവിഡ് സാഹചര്യത്തില്‍ റാക് സര്‍ക്കാര്‍ അധികൃതര്‍ സൈഫ് ഹോസ്പിറ്റലിലെ രോഗികളെ ഒഴിപ്പിച്ച് സഖര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയ കൂട്ടത്തില്‍ ഇദ്ദേഹത്തെയും അവിടെ നിന്ന് മാറ്റി. രണ്ടു മാസമായി സഖര്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. കുല്‍ദീപിന് കോവിഡ് ഇല്ല. ഇദ്ദേഹത്തിന്റെ വിസയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞിട്ട് നാലു വര്‍ഷം പിന്നിട്ടു. റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയും പ്രസാദും കുല്‍ദീപ് റാമിനെ നാട്ടിലെത്തിക്കാനായുള്ള സഹായത്തിനായി ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് കോണ്‍സുലേറ്റ് ആണ് ടിക്കറ്റ് നല്‍കിയത്. കുല്‍ദീപിന്റെ വിസ, ആശുപത്രി ബില്ലുകള്‍ എന്നിവയെല്ലാം ക്‌ളിയര്‍ ചെയ്‌യതതായി പ്രസാദ് മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. ഇതോടെ, നാലു മാസത്തെ ആശുപത്രി വാസത്തില്‍ നിന്നും കുല്‍ദീപിന് വീല്‍ ചെയറില്‍ നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്. കോവിഡ് 19 സാഹചര്യത്തില്‍ നാട്ടിലേക്ക് പോകുന്നവരുടെ പട്ടികയില്‍ കുല്‍ദീപും ഉള്‍പ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ കുല്‍ദീപ് നാട്ടിലെത്തും.