ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസില്‍ അനിശ്ചിതത്വം

230

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത്‌വ്യോമയാന അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ നാട്ടിലേക്ക് പുറപ്പെടാനിരുന്നവരുടെ യാത്ര അനിശ്ചിത്വത്തിലായി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായ ഹൈദരബാദിലേക്കാണ് ആദ്യ വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കുവൈത്തിലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് കുവൈത്ത് വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി നിഷേധം. കുവൈത്തില്‍ നിന്നും ഇന്ത്യക്കാരായ പൊതു മാപ്പ് യാത്രികരെ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും കുവൈത്തിന് ഇത് വരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കുവൈത്ത് അധികൃതരില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍, ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ തിരക്കിട്ട് ചര്‍ച്ച നടത്തി വരുന്നുണ്ട്. ചര്‍ച്ചയില്‍ പൊതുമാപ്പ് യാത്രക്കാരെ തിരിച്ച് കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും അനുകൂല മറുപടി ലഭിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂവെന്നാണ് അറിയുന്നത്. കുവൈത്തില്‍ നിന്നും ആദ്യ ഏഴു ദിവസങ്ങളില്‍ കേരളത്തിലേക്ക് രണ്ടു വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മെയ് 9ന് കൊച്ചിയിലേക്കും 13ന് കോഴിക്കോട്ടെക്കുമാണ് വിമാന സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.