നാട്ടില്‍ നിന്നും മരുന്നെത്തിക്കല്‍ കുവൈത്ത് കെഎംസിസി തുടരുന്നു

562

കുവൈത്ത് സിറ്റി: നാട്ടില്‍ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവര്‍ക്ക് പകരം മരുന്ന് കുവൈത്തില്‍ ലഭിക്കാത്ത ഘട്ടത്തില്‍ ഇവ കാര്‍ഗോ വഴി എത്തിച്ച് നല്‍കി കുവൈത്ത് കെഎംസിസിയും മെഡിക്കല്‍ വിംഗും. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നയച്ച നൂറുകണക്കിന് മരുന്നുകള്‍ കുവൈത്തിലെത്തി. കുവൈത്ത് കെഎംസിസി സെക്രട്ടറിയും മുന്‍ ജന.സെക്രട്ടറിയുമായ സിറാജ് എരഞ്ഞിക്കലാണ് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിലെത്തിയ മരുന്നുകള്‍ കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് നേതൃത്വത്തില്‍ വേര്‍തിരിച്ച് ഒരോരുത്തരുടെയും താമസ സ്ഥലത്ത് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ എത്തിച്ചു നല്‍കുമെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു. കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ കാര്യമായ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടായതായും ഷറഫുദ്ദീന്‍ പ്രസ്താവനയില്‍ പറഞ്ഞു. കുവൈത്തിലെത്തിയ മരുന്നുകള്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷാഫി കൊല്ലം പെട്ടെന്ന് കസ്റ്റംസ് ക്‌ളിയറന്‍സ് പൂര്‍ത്തിയാക്കി കുവൈത്ത് കെഎംസിസി ഓഫീസില്‍ എത്തിച്ചു നല്‍കി. ശേഷം, അവ പരിശോധിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഷറഫുദ്ദീന്‍ കണ്ണേത്ത്. മരുന്നെത്തിക്കാനുള്ള കാര്‍ഗോ ചെലവുകള്‍ പൂര്‍ണമായും കുവൈത്ത് കെഎംസിസിയാണ് വഹിക്കുന്നത്. ഇതിലേക്കായി ആദ്യ ഫണ്ട് നല്‍കിയത് മെഡിക്കല്‍ വിംഗ് വൈസ് ചെയര്‍മാന്‍ നിഹാസ് വാണിമേലിന്റെ നേതൃത്വത്തില്‍ അമീരി ആശുപത്രിയിലെ സ്റ്റാഫംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് കെഎംസിസി ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍, സെക്രട്ടറി എഞ്ചി. മുഷ്താഖ്, ഷാഫി കൊല്ലം, മെഡിക്കല്‍ വിംഗ് ജന.കണ്‍വീനര്‍ ഡോ. അബ്ദൂല്‍ ഹമീദ് പൂളക്കല്‍, ഹെല്‍പ് ഡെസ്‌ക് ജന.കണ്‍വീനര്‍ അജ്മല്‍ വേങ്ങര, മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് അബ്ദുല്‍ സത്താര്‍ മോങ്ങം, തിരുവനതപുരം ജില്ലാ പ്രസിഡന്റ് ഹക്കീം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് കരിമ്പന്‍ എന്നിവരും സന്നിഹിതരായിരുന്നു. പ്രതികൂല സാഹചര്യത്തിലും മരുന്നെത്തിക്കാന്‍ കുവൈത്ത് കെഎംസിസി ഒരുക്കിയ നാട്ടിലെ സംവിധാനം പൂര്‍ണമായും നിയന്ത്രിക്കുന്നത് സിറാജ് എരഞ്ഞിക്കലാണ്. മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് മെഡിചെയിന്‍ പദ്ധതി വഴി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കുവൈത്തിലെ രോഗികളുടെ ബന്ധുക്കള്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ കോഴിക്കോട്ടുള്ള സിറാജിന്റെ വസതിയില്‍ എത്തിക്കുമ്പോള്‍ നിയമപരമായ എല്ലാ രേഖാ നടപടികക്രമങ്ങളും ഡ്രഗ് കണ്‍ട്രോള്‍ അനുമതി പത്രവുമൊക്കെ പൂര്‍ത്തിയാക്കിയാണ് മരുന്നുകള്‍ കുവൈത്തിലേക്ക് അയക്കുന്നത്. അതോടൊപ്പം, സ്വന്തമായി പല സ്ഥലങ്ങളില്‍ പോയി മരുന്നുകള്‍ ശേഖരിക്കുകയും സിറാജ് ചെയ്യുന്നുണ്ട്. മരുന്നുകളെത്തിക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: +91 7034051010.