]മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ഉള്‍പ്പെടെ 9 പേര് മരിച്ചു. 1,045 പുതിയ കേസുകളും ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദ് സ്വദേശി ഡോ. ബാവെറ വാസുദേവ റാവു ആണ് മരിച്ചത്. കുവൈത്ത് ഓയില്‍ കമ്പനി ആശുപത്രിയില്‍ ദന്തരോഗ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം കോവിഡ് ബാധിച്ച് ജാബിര്‍ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുന്ന രണ്ടാമത്തെ ഡോക്ടറാണ് ഇദ്ദേഹം. പുതുതായി മരണ വിവരം സ്ഥിരീകരിക്കപ്പെട്ട മറ്റുള്ള 8 പേര് ഏത് രാജ്യക്കാരാണെന്ന് വ്യ്ക്തമാക്കിയിട്ടില്ല. ഇതോടെ, മരിച്ചവരുടെ ആകെ എണ്ണം 58 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 1,065 പേരില്‍ 244 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇതു വരെ ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രോഗ നിരക്കാണിത്. ഇതടക്കം ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 8,688 ആയി. ഇവരില്‍ 3,217 പേര് ഇന്ത്യക്കാരാണ്. ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ സ്ഥലങ്ങളുടെ അടിസ്ഥാനത്തില്‍ ഫര്‍വാനിയയില്‍ നിന്നും 166 പേരും ജിലീബ് ശുയൂഖില്‍ നിന്നും 118 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 100 പേര്‍ക്കുമാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതുതായി കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തവരില്‍ കുവൈത്തികള്‍ 192, ഈജിപ്തുകാര്‍ 271, ബംഗ്ളാദേശികള്‍ 143. മറ്റുള്ളവര്‍ വിവിധ രാജ്യങളില്‍ നിന്നുള്ളവരാണ്. 107 പേര് കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗ മുക്തരുടെ എണ്ണം 2,729 ആയി. അതീവ ഗുരുതരമായി തുടരുന്ന 47 പേരുള്‍പ്പെടെ 97 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും അങ്ങനെ ആകെ 5,901 പേര് ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതിനിടെ, രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കുവൈത്ത് സര്‍ക്കാര്‍ രാജ്യം മുഴുവന്‍ 20 ദിവസത്തെ ലോക്ക്ഡൗണ്‍ ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ ആരംഭിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങിയത് റോഡുകളില്‍ വന്‍ തിരക്കാണ് സൃഷ്ടിച്ചത്.