അതിഥി തൊഴിലാളികളുമായുള്ള രണ്ടാമത്തെ ട്രെയിന്‍ ലക്‌നൗവിലേക്ക് തിരിച്ചു

6
ജില്ലയില്‍ നിന്നും ലക്‌നൗവിലേക്ക് മടങ്ങാനായി പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ അതിഥി തൊഴിലാളികള്‍

പാലക്കാട്: ജില്ലയില്‍ നിന്നും അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലേയ്ക്ക് ഇന്നലെ വൈകീട്ട് ആറ് മണിക്ക് തിരിച്ചു. 1435 തൊഴിലാളികളുമായി പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പോയത്. ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണൂര്‍ തുടങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളിലായുള്ള തൊഴിലാളികളെ ആറ് താലൂക്ക് കേന്ദ്രങ്ങളിലായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷനും മെഡിക്കല്‍ പരിശോധനയും നടത്തിയാണ് വിട്ടയച്ചത്.
ജില്ലയില്‍ നിന്നും ലക്‌നൗവിലേയ്ക്ക് പോവുന്ന 1435 അതിഥി തൊഴിലാളികള്‍ക്കും മെഡിക്കല്‍ പരിശോധന ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. ആറ് താലൂക്കടിസ്ഥാനത്തില്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് ഇവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
താലൂക്കടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിശോധയും രജിസ്‌ട്രേഷനും കഴിയുന്ന തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി. ബസുകളിലാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. ഒരു ബസില്‍ പരമാവധി 30 പേരെ മാത്രം ഉള്‍പ്പെടുത്തി കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്.ലക്‌നൗവിലേയ്ക്ക് പോയ അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നല്‍കുകയുണ്ടായി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ അതത് താലൂക്ക് കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണവും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റുമാണ് വിതരണം ചെയ്തത്. ആറ് ചപ്പാത്തി, വെജിറ്റബിള്‍ കറി, ഒരു പാക്കറ്റ് ബ്രെഡ്, 200 ഗ്രാം ജാം, നാല് കുപ്പി വെള്ളം എന്നിവയടങ്ങുന്ന കിറ്റാണ് ഓരോ തൊഴിലാളികള്‍ക്കും നല്‍കിയത്.