കാഞ്ഞങ്ങാട്: അവസാനത്ത ജുമുഅയും പള്ളികളില്‍ നിര്‍വഹിക്കാനാവാതെ ഈവര്‍ഷം റമസാന്‍ വിടവാങ്ങുന്നു. പുണ്യ മാസമേ നിനക്ക് വിട എന്ന ഖത്തീബുമാരുടെ വേദനയോടെയുള്ള വിടപറച്ചില്‍ ഇക്കുറി എവിടെയുമുണ്ടായില്ല. പകരം സാധാരണ കോവിഡ് കാലത്തെ ദിവസം പോലെ, ജുമുഅ ഇല്ലാതെ പള്ളികള്‍ വിശ്വാസികളെ കൊണ്ട് നിറയാതെ, വീടുകളിലെ ഉച്ചനേരത്തെ ളുഹര്‍ നിസ്കാരത്തോടെ റമസാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ചക്ക് സലാം ചൊല്ലുകയാണ്.
അപൂര്‍വമായി അഞ്ചു വെള്ളിയാഴ്ച ഇക്കുറി റമസാനില്‍ ലഭ്യമായിരുന്നെങ്കിലും കോവിഡ് ഭീതിയില്‍ പവിത്രതകളെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് വിശ്വാസികള്‍. കേരളത്തിലെ ആദ്യത്തെ പള്ളികളിലൊന്നായ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ അവസാന വെള്ളിയാഴ്ച ജുമുഅ കൂടാന്‍ നിരവധി പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയിരുന്നത്.
മഹാമാരിയുടെ സാഹചര്യത്തില്‍ പള്ളികളില്‍ നിസ്കരിച്ചാല്‍ കിട്ടുന്ന പുണ്യം വീടുകളില്‍ നിസ്കരിച്ചാലും കിട്ടുമെന്ന മതപണ്ഡിതരുടെ അഭിപ്രായമുണ്ടെങ്കിലും റമസാനിലെ അടഞ്ഞ പള്ളികള്‍ വിശ്വാസികളുടെ ഹൃദയ നൊമ്പരമായി മാറി.