
മലപ്പുറം: മനുഷ്യന്റെ മനസ്സും ശരീരവും ഉണര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ട് നാടിന് കാവലും സുരക്ഷയും ഒരുക്കേണ്ട സമയത്ത് മനുഷ്യന്റെ ബോധം തന്നെ ഇല്ലാതാക്കുന്ന ലഹരിവില്‍പ്പനക്ക് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു കൊടുക്കുന്ന സര്‍ക്കാരിന്റെ വികലമായ തീരുമാനം അത്യന്തം ആശ്ചര്യജനകമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കള്ള് ഷാപ്പുകളും മദ്യഷാപ്പുകളും തുറന്നു കൊടുക്കുക വഴി വലിയ സുരക്ഷാ വീഴ്ചയുടെ സാധ്യതക്കാണ് സര്‍ക്കാര്‍ വഴിയൊരുക്കുന്നത്.
അശ്രദ്ധയുടെ ചെറിയ സാധ്യതകള്‍ പോലും വലിയ ആപത്തിനു വഴിവെക്കും എന്നിരിക്കെ മദ്യപന്മാര്ക്ക് അവസരം നല്കുന്ന തീരുമാനത്തിന് മനസ്സാക്ഷിയുള്ള മുഴുവന്‍ കേരളീയരും എതിരായിരിക്കും. ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യഷാപ്പുകള്‍ അടച്ചപ്പോള്‍ കുടുംബത്തിനകത്തും പുറത്തും വലിയ സമാധാന അന്തരീക്ഷമാണ് നാം കണ്ടത്. ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയാണ് സര്‍ക്കാരിനെങ്കില്‍ അതിനു കേരളം വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ട മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ‘തുറക്കരുത് മദ്യശാലകള്‍, തകര്‍ക്കരുത് സമാധാനം’ എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരി നിര്‍മാര്‍ജ്ജന സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കരിദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി നിര്‍മാര്‍ജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സിക്രട്ടറി ഓ.കെ കുഞ്ഞികോമു മാസ്റ്റര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി സൈഫുദ്ധീന്‍ വലിയകത്ത്, വൈസ് പ്രസിഡന്റ് പരീത് കരേക്കാട്, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് കോടിയില്‍ പ്രസംഗിച്ചു.