ലോക്ഡൗണില്‍ കുടുങ്ങി ചെമ്മരിയാട്ടിന്‍ കൂട്ടവും

ചിറ്റൂരിലെത്തിയ ചെമ്മരിയാടിന്‍കൂട്ടം

ചിറ്റൂര്‍: രണ്ടുമാസംമുമ്പ് തീറ്റതേടി പഴനിയില്‍ നിന്ന് ചിറ്റൂരിലെത്തിയ ചെമ്മരിയാട് കൂട്ടം അതിര്‍ത്തികടന്ന് തിരിച്ച് പോവാനാവാതെ വിഷമത്തിലകപ്പെട്ടു. മുനുസാമി ,ആറുമുഖന്‍ ,പഴണിയപ്പന്‍ എന്നിവരുടെ നേതൃത്തില്‍ 3200 ആടുകളുമായാണ് താലൂക്കിലെത്തിയത്. കൊയ്ത്തു കഴിഞ്ഞപാടങ്ങളിലാണ് ഇവയുടെ മേച്ചില്‍ സ്ഥലങ്ങളില്‍ ഓരോ സംഘത്തിനും ഈ രണ്ടുപേരാണ് ആട്ടിന്‍കുട്ട സംരക്ഷണത്തിനും ഭക്ഷണം ശരിയാക്കുന്നതിനുമായി എത്തിയിട്ടുള്ളൂ. പരമാവധി ഒരുമാസംവരെയാണ് ഇവര്‍ താലൂക്കിലെ വിവിധപ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത് .എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതിനാല്‍ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോവാന്‍ കഴിയാതെ ഒന്‍പതുപേരും ആടുകളും ദുരിതത്തിലായിരിക്കുകയാണ്. ആടുകളുമായി അതിര്‍ത്തി കടത്താന്‍ പ്രദേശത്തെ വ്യക്തികളുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരേയും അനുകൂലനടപടികള്‍ ഉണ്ടായില്ലെന്നാണ്് തമിഴ്‌നാട് സ്വദേശികളായ ആട്ടുടമകളുടെ ആവലാതി. വെയില്‍ കനത്തത്തോടെ ആടുകള്‍ക്ക് തീറ്റ ലഭിക്കാത്ത സാഹചര്യവുമുണ്ടായി. എല്ലാവര്‍ഷവും ഒരുമാസം ആടുകളെ തീറ്റക്ക് ചിറ്റൂരിലെത്തിക്കുന്നത് ദീര്‍ഘകാലമായി തുടരുന്നതാണ്. കൊടുംചൂടും ഭക്ഷണവും കുടിവെള്ളവും ലഭിക്കാത്തത് ആടുകളുടെ ജീവന് വിനയാകുമെന്ന ഭയത്തിലാണ് ഉടമകള്‍ .