ലോക്ക്ഡൗണില്‍ വഴിമുട്ടി ഓട്ടോ ജീവിതം

15
കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫ് മുതലപ്പാറ

എത്ര ഓടണം ഈ ദുരിതം തീരാന്‍

കാസര്‍കോട്: കൊറോണ കാരണം എല്ലാരും പണിയില്ലാതെ വീട്ടിലിരിക്കുന്നു. രണ്ടു മാസമായി ഓട്ടമില്ല, വരുമാനവുമില്ല… ഈ ദുരിതം എന്നുതീരുമെന്നറിയില്ല. പറഞ്ഞാല്‍ തീരാത്തത്ര ദു:ഖഭാരമുണ്ടെന്ന് കാസര്‍കോട് ടൗണില്‍ ഓട്ടോ ഓടിച്ച് ജീവിതം കഴിയുന്ന ചന്ദ്രന്‍ പറയുന്നു. ഓര്‍ക്കാപ്പുറത്ത് നേര്‍ക്കുനേര്‍ വന്നിടിച്ച കോവിഡ് മഹാമാരിയെ മറികടക്കാന്‍ ഇനി എത്ര ഓടിയാലാണ് മതിയാവുക എന്ന വേവലാതിയിലാണ് ഓട്ടോ തൊഴിലാളികള്‍. റേഷന്‍കടയില്‍ നിന്നു ലഭിച്ചതും മറ്റാരൊക്കെയോ എത്തിച്ചുതന്നെ അരിയും സാധനങ്ങളും മാത്രമേ വീട്ടിലുള്ളൂ. സാധനങ്ങള്‍ ഉണ്ടായിട്ട് കാര്യമായോ… കയ്യില്‍ പണമായി ഒന്നുമില്ല. കടം വാങ്ങാന്‍ പോലും കഴിയാതായി. ഗ്യാസോ വിറകോ വാങ്ങാന്‍ പണം വേണം… വീട്ടു വാടക എങ്ങനെ നല്‍കുമെന്നറിയില്ല… ഇനിയെല്ലാം ഒന്നേല്‍ തുടങ്ങേണ്ട സ്ഥിതിയാണ്…. ഭൂരിഭാഗം ഓട്ടോ ഡ്രൈവര്‍മാരുടെയും അവസ്ഥ പരുങ്ങലിലാണ്…

തിരിച്ചടവുകള്‍ മുടങ്ങി
മിക്ക ഡ്രൈവര്‍മാരും ഉടമകളും വായ്പ എടുത്താണ് ഓട്ടോ വാങ്ങിയത്. മാസം ആറായിരത്തോളം രൂപ തിരിച്ചടവുള്ളവരുണ്ട്. ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി തുടങ്ങിയവ കഴിച്ച് 500 രൂപയാണ് ഒരു ഓട്ടോ ഡ്രൈവറുടെ ശരാശരി ദിവസ വരുമാനം. ഇതില്‍ നിന്നു വേണം വായ്പ തിരിച്ചടവ്, വീട്ടുചെലവ്, മക്കളുടെ പഠനം തുടങ്ങിയവയെല്ലാം. വാടകക്കു താമസിക്കുന്നവരാണെങ്കില്‍ അതിന്റെ ചെലവ് കൂടി കരുതണം. അന്നന്നത്തെ വരുമാനം കൊണ്ടു ജീവിതം മുന്നോട്ടുപോകുന്നവരാണ് എല്ലാ ഓട്ടോക്കാരും.
വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലിശ ബാങ്കുകള്‍ ആവശ്യപ്പെടുന്നതിനാല്‍ ആനുകൂല്യത്തിന്റെ ഗുണം ലഭിക്കുന്നില്ല. മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നു ലോണെടുത്ത് വണ്ടിയെടുത്തവര്‍ക്കും ആനുകൂല്യം ബാധകമല്ല. അതിനാല്‍ കൃത്യസമയത്ത് വായ്പ തിരിച്ചടക്കാതെ വേറെ വഴിയില്ല. മോട്ടോര്‍ തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഓട്ടോക്കാരുടെ ആവശ്യം.

ട്രാക്കിലെത്താന്‍ മാസങ്ങള്‍ കഴിയണം
ദിവസം നൂറു കിലോമീറ്ററിലേറെ ഓടിയാല്‍ മാത്രമെ ഓട്ടോ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ കഴിയൂ. ടാക്‌സി കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പോകാനുള്ള അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ഓട്ടോക്ക് അതുമില്ല.
ആസ്പത്രിയിലേക്ക് പോകുന്നവരെ പോലും തടയുന്ന സാഹചര്യവുമുണ്ട്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഓട്ടം കൂടുതല്‍ കിട്ടുക. റമസാന്‍ പകുതി കഴിഞ്ഞാലും ഓട്ടത്തിന് തിരക്കാണ്. ഈ വര്‍ഷം എല്ലാം പോയിക്കിട്ടി.

ഓട്ടോ ഇറക്കാന്‍ ചെലവേറും
യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ച് ഓടിക്കാന്‍ അനുമതിയുണ്ടായാല്‍ തന്നെ കയറ്റിവെച്ച ഓട്ടോറിക്ഷ പുറത്തിറക്കാന്‍ ചെലവേറും. ബാറ്ററി വീക്ക്, ടയറിന് കേടുപാട്, ഓയില്‍ ഡ്രൈ എന്നിങ്ങനെ സര്‍വീസിന് തന്നെ വേണം പണമേറെ. ഇന്‍ഷൂറന്‍സ് പുതുക്കാന്‍ മാത്രം 9000രൂപയോളം വേണം.
പല ഓട്ടോകളും വര്‍ക്ക്‌ഷോപ്പിലാണ്. പണി പാതിയിലുമാണ്. പെട്ടെന്ന് ഓടിത്തുടങ്ങാന്‍ വേറെന്തെങ്കിലും രീതിയില്‍ പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. ആരോഗ്യ വകുപ്പും പൊലീസും പറയുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ഓട്ടോ ഓടിക്കാന്‍ തയാറാണ്.
എന്നാല്‍ പ്രത്യേക സാഹര്യത്തില്‍ ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത മുഴുവന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും അടിയന്തര സഹായമായി 10000രൂപ അനുവദിക്കണമെന്ന് എസ്ടിയു ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷേമനിധിയില്‍ കോടികള്‍ കെട്ടിക്കിടക്കുന്നു
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള രണ്ടായിരം രൂപയാണ് ഏക പ്രതീക്ഷ. അപേക്ഷിച്ച പലര്‍ക്കും കിട്ടി. എന്നാല്‍ ബോര്‍ഡില്‍ അംഗങ്ങളായ 25 മുതല്‍ 30 ശതമാനം ഓട്ടോ തൊഴിലാളികള്‍ക്ക് മാത്രമെ ഈ ധനസഹായം ലഭിക്കൂ. അംഗങ്ങളല്ലാത്ത വലിയൊരു വിഭാഗം ഒന്നുമില്ലാതെ പുറത്തുനില്‍ക്കുന്നു.
അതേസമയം ബോര്‍ഡില്‍ അംശാദായമായി പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ കെട്ടിക്കിടക്കുകയാണെന്ന് എസ്ടിയു മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സുബൈര്‍ മാര പറഞ്ഞു.